രാജ്യം കടന്നു പോകുന്നത്. ഭീകരമായ അവസ്ഥയിലൂടെ ; കെ റെയില്‍ കേരളത്തെ തകർക്കും : പ്രശാന്ത് ഭൂഷണ്‍ 

തിരുവനന്തപുരം:  കെ റെയില്‍ പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹ്യമായും തകര്‍ക്കാനേ  ഉപകരിക്കൂവെന്നു അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് മാത്രമാണ് പദ്ധതി കൊണ്ട് ഗുണം ലഭിക്കാന്‍ പോകുന്നതെന്നുംതിരുവനന്തപുരം പ്രസ്‌ക്ലബ്ബും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസവും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍ഡേജ് ഗേജില്‍ പാത പണിയുന്നതിന് ഒരു ലക്ഷം കോടിയാണ് ചെലവ്. 200 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന റെയില്‍വേ ലൈനിനാണ് ഇത്രയും തുക വേണ്ടി വരുന്നത്.ജപ്പാനില്‍ നിന്നടക്കം വായ്പയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നാണ് മനസിലാകുന്നത്.  അഞ്ച് ശതമാനം പലിശ കണക്കു കൂട്ടിയാല്‍ തന്നെ തിരിച്ചടവിന് പ്രതിവര്‍ഷം 5000 കോടി രൂപ പലിശ ഇനത്തില്‍ മാത്രമായി  വേണ്ടിവരും. ടിക്കറ്റ് ചാര്‍ജ്ജ് അത്രമാത്രം ഉയര്‍ത്തിയാലേ തിരിച്ചടവിനുള്ള തുക സമാഹരിക്കാനാകൂ. എത്ര ആളുകള്‍ ഈ ഉയര്‍ന്ന നിരക്കിലെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമെന്നതും പ്രസക്തമായ ചോദ്യമാണ്. മലകള്‍ തുരന്നും തണ്ണീര്‍തടങ്ങള്‍ നികത്തിയുമെല്ലാമാണ് സില്‍വര്‍ ലൈനിനിനായി നിരവധി പാലങ്ങളും ടണലുകളും പണിയുന്നത്. വലിയ പാരിസ്ഥിതികാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കും. ഇതിനോടകം തന്നെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമടക്കം നിരവധി പാരിസ്ഥിതിക ദുരന്തങ്ങള്‍ കേരളം നേരിടുകയാണ്. ഇതിനെല്ലാം കാരണമായത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ബദല്‍ രാഷ്ട്രീയമെന്ന നിലയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ ജനനമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതൊരു സി ഗ്രേഡ് രാഷ്ട്രീയ പാര്‍ട്ടിയായി മാറി. പ്രമുഖരടക്കം നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും പലരും നിരാശരായി പാര്‍ട്ടി വിട്ടു. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ എ.എ.പിക്ക്  പ്രത്യയശാസ്ത്രമില്ല, മാത്രമല്ല വഴിയും നഷ്ടപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകും. വോട്ടിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തും ചെയ്യും. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും അവര്‍ക്ക് താത്പര്യമില്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെയും കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും യു.എ.പി.എ അടക്കം ചുമത്തുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment