പാറക്കടവിൽ കൃഷി ഓഫീസർ ഇല്ലാത്തത് ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥ: കോൺഗ്രസ്സ്

നെടുമ്പാശ്ശേരി: പാറക്കടവ് കൃഷി ഭവനിൽ കൃഷി ഓഫീസർ ഇല്ലാത്തതുമൂലം പദ്ധതികൾ നടപ്പിലാക്കുന്നതിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും കാലതാമസം നേരിടുന്നു. കൃഷി വകുപ്പിൽ പല നിവേദനങ്ങൾ നൽകിയിട്ടും കൃഷി വകുപ്പ് ആളെ നിയമിക്കുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.പി നാരായണൻ പറഞ്ഞു. ദൂരെ ജില്ലകളിൽ നിന്നുമുള്ള ജീവനക്കാരെ നിയമിക്കുന്നതുമൂലം ലീവെടുത്ത് മാറി നിൽക്കുന്ന സ്ഥിതിയാണ്. തിരുവനന്തപുരം സ്വദേശിയായ കൃഷി ഓഫിസറെ മാസങ്ങൾക്ക് മുൻപ് നിയമിച്ചുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ലീവെടുത്ത് പോവുകയായിരുന്നു. ഇതിൻ്റെ ഉത്തരവാദിത്വം പൂർണ്ണമായും ഇടതുപക്ഷ സർക്കാരിനാണ്. ഇത് മറച്ച് വച്ച് പഞ്ചായത്തിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നിലവിൽ നടത്തുന്നത്.

പാറക്കടവ് പഞ്ചായത്തിലെ പ്രധാന ജലസേചന പദ്ധതികളെല്ലാം ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മൈനർ ഇറിഗേഷൻ വകയാണ്. അവയുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി നടപ്പിലാക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ് .അതിലുൾപ്പെട്ട പാറക്കടവ് നമ്പർ:2 ഇറിഗേഷൻ പദ്ധതിയുടെ ഇലക്ട്രിക്കൽ വർക്കുകൾക്ക് എസ്റ്റിമേറ്റിൽ തുക വകയിരുത്താതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത് സർക്കാരിൻ്റെ വീഴ്ചയാണ് .അതിൻ്റെ ഉത്തരവാദിത്ത്വവും പഞ്ചായത്തിൻ്റെ തലയിൽ കെട്ടി വക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. അടിയന്തിരമായി മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ പഞ്ചായത്ത് നടത്തിയിട്ടുള്ളതാണ്. പാറക്കടവ്, എളവൂർ, മാമ്പ്ര പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലമുള്ള ദുരിതങ്ങൾ പരിഹരിക്കുന്നതിന് വിവിധ പദ്ധതി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുള്ളതുമാണ് .പദ്ധതികളിൽ എസ്റ്റിമേറ്റുകളും എടുത്തിട്ടുള്ളതാണ് . തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ് എന്നാൽ ഇതിൻ്റെയെല്ലാം ഉത്തരവാദിത്വം പഞ്ചായത്താണെന്നുള്ള നുണപ്രചരണങ്ങൾ ഇടത് പക്ഷം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പാറക്കടവ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കൃഷി ഓഫീസർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിൻ്റെ അടിയന്തിര ഇടപെടലുകളുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Related posts

Leave a Comment