സിപിഎമ്മിന്റെ വർഗീയ അജണ്ട പാളുന്നു; റിപ്പോർട്ട് നിയമസഭയിൽ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദത്തിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സിപിഎമ്മിന്റെ വർഗീയ അജണ്ട പാളുന്നു. കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന പാർട്ടി റിപ്പോർട്ട് നിയമസഭയിൽ പരസ്യമായി മുഖ്യമന്ത്രി തള്ളിക്കളഞ്ഞതോടെയാണിത്. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ബ്രാഞ്ച്, ലോക്കൽ സമ്മേള‍നങ്ങൾക്കായി നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ, ‘ന്യൂനപക്ഷ വർഗീയത’ എന്ന തല‍ക്കെട്ടിനു കീഴിലാണ് ഈ പരാമർശം.

ഇക്കാര്യങ്ങളാണ് ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വര്‍ഗീയതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുവില്‍ സമാധാനാന്തരീക്ഷമാണുള്ളത്. അതേസമയം, ഇത്തരം നീക്കങ്ങള്‍ തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോർട്ടലുകള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ചില ഓണ്‍ലൈന്‍ പോർട്ടലുകള്‍ക്കെതിരേ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. മാധ്യമ വാർത്തകളിലൂടെ വിവിധ മത വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർന്നു വരുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിഷയത്തിൽ മതസാമുദായിക വിഭാഗത്തിൽപെട്ട പ്രമുഖരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി സഭയിലും ആവർത്തിച്ചു. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും പൊലിസിന്റെ വിവിധ വിഭാഗങ്ങളായ സൈബർഡോം, ഹൈടെക് സെൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ, പൊലീസ് മീഡിയ സെൽ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment