ശീതസമരം അവസാനിപ്പിക്കണം ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

കേരളത്തിലെ ഓര്‍ഡിനന്‍സ് രാജിന് ഗവര്‍ണര്‍ വേഗപൂട്ട് ഇട്ടതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ‘ഈഗോ’ യുദ്ധം പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു. പതിനൊന്നോളം ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ ഒപ്പ് ചാര്‍ത്താനാവാതെ കിടക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ നിയമസഭയുടെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി. ജലീലിനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശം കാരണം അതിന്റെ ചിറകരിയാനാണ് ഈ ഓര്‍ഡിനന്‍സ്. ചീഫ് സെക്രട്ടറി വി.പി. ജോയ് ഗവര്‍ണറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഓര്‍ഡിനന്‍സുകളെല്ലാം ബില്‍ ആയി പാസ്സാക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സ് റദ്ദായ അവസ്ഥയില്‍ വീണ്ടും അത് പുറപ്പെടുക്കേണ്ടി വരുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കും. ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഇത് സംബന്ധിച്ച ഫയലുകള്‍ രാജ്ഭവനിലെത്തിച്ചെങ്കിലും വിശദീകരണമില്ലാതെ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സിന്മേല്‍ സര്‍ക്കാര്‍ വാശിപിടിക്കാത്തത് ഗവര്‍ണറെ തണുപ്പിക്കാനുള്ള സൂത്രമാണെന്ന് കരുതുന്നു. നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനുള്ളില്‍ പുതുക്കിയില്ലെങ്കില്‍ അത് റദ്ദാകും. ഗവര്‍ണര്‍ അനുകൂലിച്ചാല്‍ പുതുക്കി ഇറക്കുന്നതില്‍ ഏതാനും ദിവസം വൈകിയാലും മുന്‍കാല പ്രാബല്യത്തോടെ ഒപ്പിട്ടാല്‍ ഓര്‍ഡിനന്‍സുകള്‍ റദ്ദാകുന്നത് തടയാന്‍ പറ്റും. അതിന് ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും എതിരെ അഴിമതിയാരോപിച്ചുകൊണ്ട് ഏതാനും പരാതികള്‍ ലോകായുക്തയുടെ മുമ്പിലുള്ളപ്പോള്‍ അവരുടെ അധികാരം കവരുന്ന നിയമഭേദഗതികള്‍ കൊണ്ടുവരുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ഭരണഘടനാ സ്ഥാപനമായ ലോകായുക്തയെ നിര്‍വീര്യമാക്കുന്നതിന് ഗവര്‍ണര്‍ കൂട്ട്‌നില്‍ക്കാന്‍ പാടില്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനുള്ള അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സുകള്‍ തടഞ്ഞുകൊണ്ട് ഗവര്‍ണര്‍ വിലപേശുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ലോകായുക്തയെ സംബന്ധിചിച്ചുള്ള ഓര്‍ഡിനന്‍സ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കസേര സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. ദുരിതാശ്വാസനിധിയില്‍ നിന്ന് മുഖ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് ഗുരുതരമായ ആരോപണം നിലനില്‍ക്കെ ലോകായുക്തയുടെ അധികാരം കവരുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്നതിന് സമാനമാണ്. ഒപ്പിടാതെ പതിനൊന്ന് ഓര്‍ഡിനന്‍സുകളും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. കേരള മാരിടൈം ബോര്‍ഡ് ഭേദഗതി, തദ്ദേശഭരണ പൊതുസര്‍വീസ്, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭേദഗതി, സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും സംബന്ധിച്ച ഭേദഗതി, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും കേരള പൊതുമേഖല നിയമന ബോര്‍ഡ്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, കേരള ജ്വല്ലറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി, ലൈവ് സ്റ്റോക്ക് ആന്റ് പൗള്‍ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്ചര്‍ എന്നീ ഓര്‍ഡിനന്‍സുകളാണ് പുതുക്കാനുള്ളത്. ഇവയില്‍ പലതും രണ്ടു മുതല്‍ ഏഴു തവണവരെ പുതുക്കിയതാണ്. പൊതുരംഗത്തെയും ഭരണരംഗത്തെയും അഴിമതിക്കും ക്രമക്കേടുകള്‍ക്കും തടയിടാന്‍ രൂപീകരിച്ച ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് പരക്കെ വിമര്‍ശിക്കപ്പെട്ടതാണ്. അഴിമതിക്ക് മുമ്പില്‍ നോക്കുകുത്തിയായി ലോകായുക്തയെ അധഃപതിപ്പിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങളെ ഗവര്‍ണര്‍ അംഗീകരിക്കില്ലെന്നാണ് പൊതുസമൂഹം കരുതുന്നത്. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ക്ഷേമങ്ങള്‍ക്ക് വേണ്ടിയുള്ള ഓര്‍ഡിനന്‍സും ബില്ലും അഴിമതിക്കാര്‍ക്ക് താങ്ങും തണലുമാക്കുന്നത് തെറ്റായ പ്രവണതയാണ്. നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആ നിലയിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അതല്ല സര്‍ക്കാരുമായുള്ള ഈഗോയുടെ പേരിലാണ് ഗവര്‍ണറുടെ നടപടിയെങ്കില്‍ അത് അപലപനീയമാണ്. എന്തായാലും ഈ ശീതസമരം സംസ്ഥാനത്തിനും പൊതുസമൂഹത്തിനും ഗുണകരമല്ല.

Related posts

Leave a Comment