അടുപ്പമുള്ള മന്ത്രി ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല, പരിഭവവുമായി യു. പ്രതിഭ

ആലപ്പുഴ: പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന പരിഭവവുമായി എം.എല്‍.എ യു. പ്രതിഭ. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം.എല്‍.എ പറയുന്നു.

എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി. ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണമെന്നും യു.പ്രതിഭ പറഞ്ഞു. മന്ത്രിയുമായ വി. ശിവന്‍കുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് മന്ത്രിക്കെതിരെ എം.എല്‍.എയുടെ വിമര്‍ശനം.

തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂര്‍വമായാണ് മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എം.എല്‍.എ പ്രസംഗത്തില്‍ പറഞ്ഞില്ല.

Related posts

Leave a Comment