പള്ളുരുത്തി: സഹകരണ ബാങ്കുകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിൻ്റെ നിയമനിർമാണം വളരെ അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ. ഇടക്കൊച്ചി സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിൻ്റെ ഇത്തരം നിയമങ്ങൾ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നതിനും രാഷ്ട്രീയമായി പിടിച്ചടക്കുന്നതിനും വേണ്ടിയാണ് കൊണ്ടു വരുന്നത്. കേന്ദ്ര നിയമങ്ങൾക്കെതിരായുള്ള പ്രതിഷേധത്തിന് കേരളം ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് സഹകരണ നിയമത്തിലും ചട്ടത്തിലും സർക്കാർ കൊണ്ടുവരുവാൻ ഉദേശിക്കുന്ന ഭേദഗതികൾ പ്രതിപക്ഷവുമായി ചർച്ച ചെയ്ത് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം പറഞ്ഞു.
ഇടക്കൊച്ചി സഹകരണ ബാങ്കിൻ്റെ ശതാബ്ദിയാഘോഷം സഹകാരികൾക്ക് എന്നും ഓർത്തു വയ്ക്കുവാനുള്ള സ്മാരകങ്ങൾ ഉണ്ടാവട്ടെയന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ. ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.വി.എബ്രഹാം, കോൺ. ബ്ലോക്ക് പ്രസിഡൻ്റ് ബെയ്സിൽ മൈലന്തറ, കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, പള്ളുരുത്തി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി.ശെൽവൻ, ബോർഡ് മെമ്പർമാരായ കെ.എം.മനോഹരൻ, പി.ഡി.സുരേഷ്, ടി.എൻ.സുബ്രഹ്മണ്യൻ, കെ.എസ്.അമ്മിണിക്കുട്ടൻ, ടി.ആർ.ജോസഫ്, ജീജ ടെൻസൻ, ലില്ലി വർഗീസ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ സ്വാഗതവും സെക്രട്ടറി പി.ജെ.ഫ്രാൻസിസ് നന്ദിയും പറഞ്ഞു.