കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്; മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെസി വേണുഗോപാല്‍ എംപി

തിരുവനന്തപുരം: കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. മോദി സർക്കാർ എല്ലാ രീതിയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനുമെതിരെ ജനജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള പദയാത്രയ്ക്ക് തിരുവനന്തപുരം കല്ലറയിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ സങ്കടവും വേദനയും പ്രകടിപ്പിക്കാനുള്ള യാത്രയാണ് ജനജാഗ്രതാ ക്യാമ്പയിൻ എന്ന് കെസി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റം കൊണ്ട് രാജ്യത്തെ ജനം പൊറുതി മുട്ടുകയാണ്. ഇന്ധനക്കൊള്ളയാണ് മോദി സർക്കാർ ഇപ്പോഴും നടത്തുന്നത്. അധിക നികുതി കുറക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിന്‍റെ നടപടി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

മോദി സർക്കാർ രാജ്യത്തെ വിറ്റ് തുലയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. കോർപ്പറേറ്റുകൾക്കൊപ്പമാണ് കേന്ദ്രസർക്കാർ നിലകൊളളുന്നത്. 12 ലക്ഷം കോടിയാണ് ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് കോർപ്പറേറ്റുകൾ കൊള്ളയടിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എംപി മാരായ അടൂർ പ്രകാശ്, രാജ് മോഹൻ ഉണ്ണിത്താൻ, മുൻ മന്ത്രി വിഎസ് ശിവകുമാർ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മുന്‍ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment