ബിഷപ്പ് ഫ്രാങ്കോ കേസ് ; വിധി കേട്ട് അമ്പരന്നെന്നും ഇരയ്ക്ക് ആവശ്യമായപിന്തുണ നൽകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ

ന്യൂഡൽഹി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ച സംഭവത്തിൽ അമ്പരപ്പ് രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ.

വിധി കേട്ട താൻ അമ്പരന്നുവെന്നും ഇക്കാര്യത്തിൽ ഇരയ്ക്ക് ആവശ്യമായപിന്തുണ നൽകുമെന്നും രേഖ ശർമ്മ പറഞ്ഞു. കോട്ടയത്തെ അഡീഷണൽ സെഷൻ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ഉടനെയാണ് രേഖാ ശർമ്മയുടെ പ്രതികരണം. 2014 മുതൽ 2016 വരെയുള്ള രണ്ട് വർഷക്കാലത്തിനിടയിൽ 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ 2018ലാണ് ബിഷപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നീണ്ട 26 മാസങ്ങൾക്ക് ശേഷമാണ് വെള്ളിയാഴ്ച വിധി പുറത്തുവന്നത്.

കേസിൻറെ വിശദാംശങ്ങൾ തനിക്ക് അറിയാമെന്നും താൻ ഇതിന് മുൻപ് ഇരയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രേഖാ ശർമ്മ പറഞ്ഞു. ഈ കേസിൽ പണ്ട് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടു.

‘കോടതി വിധി പ്രസ്താവിച്ചെങ്കിലും ദേശീയ വനിതാ കമ്മീഷൻ കന്യാസ്ത്രീക്ക് അനുകൂലമായ പിന്തുണ നൽകും. ഈ കേസ് കൂടുതൽ ഉയർന്ന കോടതിയിൽ വാദിക്കാനും ഇരയെ സഹായിക്കും’- രേഖാ ശർമ്മ പറഞ്ഞു.

Related posts

Leave a Comment