സൗദിയിൽ മരണപ്പെട്ട നഴ്‌സ് ലിനി വര്ഗീസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ,സംസ്കാരം വെള്ളിയാഴ്ച

നാദിർ ഷാ റഹിമാൻ

അബഹ: ദഹറാൻ ജുനൂബ് ഹോസ്പിറ്റൽ ഹോസ്റ്റലിൽ ഓഗസ്റ്റ് 28നു മരണമടഞ്ഞ കൊല്ലം, ആയൂർ ഒഴുകുപാറക്കൽ സ്വദേശിനി ലിനി വർഗ്ഗീസിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ശവസംസ്കാരം സെപ്റ്റംബർ 23 വെള്ളിയാഴ്ച ആയൂരിൽ നടക്കും.

ലിനി വര്ഗീസ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നാട്ടിൽ മരണപ്പെട്ട ഭർതൃപിതാവിന്റെ മരണവാർത്ത അറിയിക്കാൻ നാട്ടിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്നു വീട്ടുകാർ സഹപ്രവർത്തകരെ വിളിച്ചു പറയുകയും, താമസ സ്ഥലത്ത് കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുകയായിരുന്ന ലിനിയെ സഹപ്രവർത്തകരായ മലയാളി നഴ്സുമാർ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ലിനിയുടെ ഭർത്താവ് റെജി ചാക്കോ ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹിക പ്രവർത്തകനും, ഒ. ഐ. സി. സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ടുമായ അഷ്റഫ് കുറ്റിച്ചൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
സൗദി ആരോഗ്യവിഭാഗം അസീർ റീജിയൻ നഴ്സിംഗ് ഡയറക്ടർ ജനറൽ മിസ്ഫർ മാന അൽയാമിയും, ദഹറാൻ ജുനൂബ് ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ അസ്മ ഉമേർ അൽ വാദയിയും സഹായത്തിന് കൂടെ ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റേയും, എംമ്പാമിംഗിന്റേയും മുഴുവൻ ചിലവുകളും സൗദി ആരോഗ്യ വകുപ്പ് വഹിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ലിനിയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകർ ജീജ തോമസും, മറിയക്കുട്ടി ജോസഫും, ഡിൻസിയും ദഹറാൻ ജുനൂബിൽ നിന്നും അബഹയിൽ എത്തി മൃതദേഹത്തെ കുളിപ്പിക്കുന്നതിനും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകി. തുടർന്നു പൈലി ജോസിന്റെ നേതൃത്വത്തിൽ പ്രർത്ഥനക്കുശേഷം മൃതദേഹം നാട്ടിലേക്കയച്ചു. സഹപ്രവർത്തക ഡിൻസി പുലിപ്പാറയത്ത് മൃതദേഹത്തെ അനുഗമിക്കും . മതാചാരപ്രകാരമായ ചടങ്ങുകൾക്കുശേഷം വെള്ളിയാഴ്ച ഉച്ചക്കു രണ്ടുമണിയോടെ ഒഴുകുപാറക്കൽ സെന്റ്. സെബാസ്റ്റ്യൻ മലങ്കര കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

അഷ്റഫ് കുറ്റിച്ചലിനൊപ്പം ഒ.ഐ.സി.സി ഖമ്മീസ് ടൗൺ കമ്മിറ്റി പ്രസിഡണ്ട് റോയി മൂത്തേടം, സൗദി നാഷണൽ കമ്മറ്റി ജന. സെക്രട്ടറി ബിനു ജോസഫ്, അൻസാരി റഫീക്ക്, നജറാൻ ഒ.ഐ.സി.സി ജന. സെക്രട്ടറി പോളീ റാഫേൽ, റസാഖ് കിണാശ്ശേരി, ജോസ് പൈലി തുടങ്ങിയവരും ഉണ്ടായിരുന്നു.

Related posts

Leave a Comment