നീതിനിർവ്വഹണ സംവിധാനങ്ങളുടെ കണ്ണ്തുറക്കാത്തത് സിപിഎം നേതാവായ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം മൂലം ; അനുപമ ചന്ദ്രന് നീതി ഉറപ്പുവരുത്തണമെന്ന് കെ കെ രമ

തിരുവനന്തപുരം: അനുപമ ചന്ദ്രൻ എന്ന അമ്മയുടെ നിലവിളിക്ക് പരിഹാരം കാണാനായില്ലെങ്കിൽ അത്തരമൊരു നീതിന്യായ സംവിധാനം കൊണ്ട് എന്തുഗുണമെന്ന് എംഎൽഎ കെ കെ രമ . ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നടപടിയെ അവർ അപലിപിക്കുകയും ചെയ്തു. ഫേസ് ബുക്കിലാണ് വടകര എം എൽഎ കെ കെ രമയുടെ പ്രതികരണം.
മനസ്സാക്ഷിയുള്ളവർക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നിൽക്കാനാവില്ലെന്നും അനുപമ ചന്ദ്രൻ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയിൽ നിന്ന് വേർപെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കൾ തന്നെയാണെന്ന് ആ യുവതി മാധ്യമങ്ങൾക്ക് മുന്നിൽ നിലവിളിച്ച്‌ പറഞ്ഞതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

”സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്. അതിന് മുന്നോടിയായി നടക്കേണ്ട കൗൺസിലിങ്ങോ സാഹചര്യ പഠനങ്ങളോ നടക്കാതെ,ഏതോ ഒരു രഹസ്യ കേന്ദ്രത്തിൽ വച്ച്‌ ഏതോ നോട്ടറി വക്കീൽ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛൻ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായ സ്ഥാപനമുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് സമഗ്ര അന്വേഷണം നടക്കണം… മുഖ്യമന്ത്രി മുതൽ ഈ നാട്ടിലെ എല്ലാ നീതിനിർവ്വഹണ സംവിധാനങ്ങളുടെയും വാതിലിൽ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സിപിഎം നേതാവായ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം”- കെ കെ രമ പറഞ്ഞു.

സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ മകനും നിലവിൽ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രൻ.

”വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പി.ആർ പണിയിൽ തീരുമോ സർക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം? വടക്കേ ഇന്ത്യൻ മാടമ്ബി രാഷ്ട്രീയത്തെ നാണിപ്പിക്കും വിധം നടന്ന ഈ മനുഷ്യത്വ വിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉള്ളുകള്ളികൾ മുഴുവൻ ജനാധിപത്യ, നിയമ വിചാരണയ്ക്ക് വിധേയമാവണം”- അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടൻ തിരിച്ചു കിട്ടണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

Related posts

Leave a Comment