അധികാരികള്‍ മറന്നു ; കൊല്ലത്തിന് ഇന്ന് 73 -ാം പിറന്നാള്‍

കൊല്ലം : അഷ്ടമുടി ഓളങ്ങളാല്‍ സമ്പന്നമായ നമ്മുടെ കൊല്ലത്തിനു ഇന്ന് 73 പിറന്നാള്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള പതിനാലു ജില്ലകളില്‍ ആദ്യം രൂപീകൃതമായ നാലെണ്ണത്തില്‍ ഒന്നാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടലുമായി അതിര് പങ്കിടുന്ന ജില്ലയാണ് നമ്മുടെ കൊല്ലം. സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ നഗരം. 1949 ജൂലൈ ഒന്നിന് കോട്ടയവും തിരുവനന്തപുരവും തൃശ്ശൂരുമാണു കൊല്ലം ജില്ലയോടൊപ്പം പിറന്നത്. 1956 നവംബര്‍ ഒന്നിന് കേരളം പിറന്നപ്പോള്‍ ഈ നാലു ജില്ലകള്‍ക്കു പുറമേ മലബാര്‍ ജില്ല കൂടി സംസ്ഥാനത്തിന്റെ ഭാഗാമായി. തുടര്‍ന്ന് 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ല വിഭജിച്ച് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ ഉണ്ടായി.
സംസ്ഥാനത്തു വിസ്തൃതിയില്‍ എട്ടാം സ്ഥാനമുള്ള കൊല്ലത്തിന്റെ വിസ്തൃതി 2491 ചതുരശ്ര കിലോമീറ്ററാണ്. തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെയാണു തിരുവിതാംകൂറിലെ കൊല്ലം ഡിവിഷന്‍ കൊല്ലം ജില്ലയായി തീര്‍ന്നത്. 1859ല്‍ എട്ടു താലൂക്കുകള്‍ ചേര്‍ത്തു കൊല്ലം ഡിവിഷന്‍ രൂപികൃതമായി. 1871ല്‍ തിരുവനന്തപുരം ഡിവിഷനിലായിരുന്ന കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട താലൂക്കുകള്‍ കൊല്ലം ഡിവിഷനില്‍ ചേര്‍ത്തു. ഇതൊടെ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, എന്നിവയായി കൊല്ലം ഡിവിഷനിലെ താലൂക്കുകള്‍.
1922 വരെ ഇങ്ങനെ തുടര്‍ന്നു. ദേവസ്വം വിഭജന കമ്മറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭരണചെലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂര്‍ താലൂക്ക് 1922 ആഗസ്റ്റ് 17ന് (1098 ചിങ്ങം ഒന്ന്) നിര്‍ത്തലാക്കി. ചെങ്ങന്നൂര്‍ തിരുവല്ല താലൂക്കിനോടു ചേര്‍ത്തു. അന്നത്തെ താലൂക്ക് പുനസംഘടനയില്‍ ചേര്‍ത്തല താലൂക്കില്‍ നിന്നും മൂന്നു പകുതികള്‍ അമ്പലപ്പുഴ താലൂക്കിലും വൈക്കം താലൂക്കില്‍ നിന്നും നാലു പകുതികള്‍ ചേര്‍ത്തല താലൂക്കിലും ചേര്‍ത്തു. അന്ന് അമ്പലപ്പുഴ താലൂക്ക് കൊല്ലം ഡിവിഷനിലും ചേര്‍ത്തല, വൈക്കം താലൂക്കുകള്‍ കോട്ടയം ഡിവിഷനിലുമായിരുന്നു. എന്നാല്‍ 1939 മാര്‍ച്ച് 14ന് ചേര്‍ത്തല താലൂക്ക് കൊല്ലം ഡിവിഷനില്‍ ചേര്‍ത്തു.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ ഡിവിഷന്‍ എന്നത് ഡിസ്ട്രിക്ടായി മാറി. 1949ല്‍ കൊല്ലം ജില്ലയിലെ താലൂക്കുകള്‍ കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിവയായിരുന്നു. 7029 ചതുരശ്ര കീലോമീറ്ററായിരുന്നു വിസ്തീര്‍ണ്ണം. 1956 ഒക്ടോബര്‍ ഒന്നിന് അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ രൂപീകരിച്ചപ്പോള്‍ കോട്ടയം, ജില്ലയുടെ ഭാഗമായി. കേരളപ്പിറവിയോടൊപ്പം തിരുവല്ല താലൂക്ക് വിഭജിച്ചു ചെങ്ങന്നൂര്‍ താലൂക്ക് വീണ്ടും രൂപീകരിച്ചു. ചെങ്കോട്ട താലൂക്കിന്റെ ഒരുഭാഗം പുതിയ മധുര സംസ്ഥാനത്തിന്റെ ഭാഗമായി. ബാക്കി ഭാഗം പത്തനാപുരം താലൂക്കില്‍ ചേര്‍ത്തു. കൊല്ലം ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല താലൂക്കുകളും കോട്ടയം ജില്ലയിലെ കുട്ടനാട് താലൂക്കും ചേര്‍ന്നതാണ് 1957 ആഗസ്റ്റ് 17ന് ആലപ്പുഴ ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും കുന്നത്തൂര്‍ താലൂക്കിന്റെ ചില ഭാഗങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും മാവേലിക്കര ചെങ്ങന്നൂര്‍ താലൂക്കുകളിലെ ചില വില്ലേജുകളും പമ്പാവാലി വടക്ക്, ശബരിമല പ്രദേശങ്ങളും ചേര്‍ത്തതാണ് 1989 നവംബര്‍ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകരിച്ചത്.
പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം, എന്നിങ്ങനെ ആറു താലൂക്കുകളാണ് കൊല്ലം ജില്ലയിലുള്ളത്. കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ നാല് നഗരസഭകള്‍, 13 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയടങ്ങിയ ജില്ലയിലെ ജനസംഖ്യ 2011 ലെ കാനേഷുമാരി കണക്കനുസരിച്ച് 2629703 ആണ്. ഇതില്‍ 1244815 പുരുഷന്മാരും, 1384888 സ്ത്രീകളുമുണ്ട്.

Related posts

Leave a Comment