പൊലീസില്‍ തീവ്രവാദ സംഘടനകളെ സഹായിക്കുന്ന സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എ ഐ വൈ എഫ്

കല്‍പ്പറ്റ: പൊലീസില്‍ തീവ്ര നിലപാടുള്ള, അരാഷ്ട്രീയ സംഘടനകളെ സഹായിക്കുന്ന സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എ ഐ വൈ എഫ് ജില്ലാകമ്മിറ്റി. മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ആദിവാസി യുവാവ് ദീപുവിനെ വാഹനമോഷണശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എ ഐ വൈ എഫ് സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ ആഞ്ഞടിച്ചത്. പൊലീസ് തുടര്‍ച്ചയായി ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്നതിനായി കേന്ദ്രഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീവ്രവാദസംഘടനകളിലേക്ക് ആളുകളെയെത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ഇതിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യുവാവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി തീവ്രനിലപാടുള്ള സംഘടനകള്‍ സമീപിച്ചതായാണ് കോളനിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അറിയാന്‍ സാധിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ആദിവാസി യുവാവിനെ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു. ഡ്രൈവിംഗ് അറിയാത്ത യുവാവ് ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി എന്നാണ് ബത്തേരി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നത്. ഇത് സത്യമാണോയെന്ന് സി സി ടി വി പരിശോധിച്ചാല്‍ വ്യക്തമാകും. തെളിവൊന്നും ശേഖരിക്കാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം നടത്തി കുറ്റം സമ്മതിപ്പിച്ചിരിക്കുന്നത്. ഈ കേസ് അന്വേഷണഘട്ടത്തില്‍ തിരിച്ചടിക്കുമെന്ന് ബോധ്യമായതോടെയാണ് മീനങ്ങാടിയില്‍ തെളിയാതെ കിടന്ന രണ്ട് കേസുകള്‍ കൂടി യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ യുവാവിന്റെ മനുഷ്യാവകാശം സംരക്ഷിച്ച് നീതി ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എ ഐ വൈ എഫ് രംഗത്ത് വരുമെന്നും പ്രസിഡന്റ് സജി വര്‍ഗീസ്, സി എം സുധീഷ്, എന്‍ ഫാരിസ്, എല്‍ദോ വെട്ടിക്കാട്ടില്‍ അടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കി.

Related posts

Leave a Comment