കോണ്‍ഗ്രസില്‍ പുതുയുഗം ജനാധിപത്യത്തിന് നവോന്മേഷം ; മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കും : എം എം ഹസന്‍

കോണ്‍ഗ്രസും യു.ഡി.എഫും സംഘടനാ സംവിധാനം ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുകയാണ്. കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടിക്ക് പുതിയ നേതാവും വന്നതോടെ കോണ്‍ഗ്രസ് നൂതന മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷികളുമായി ചേര്‍ന്ന് മുന്നണിയുടെ പൊതു നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ യു.ഡി.എഫിനെ നയിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്   എം.എം ഹസന്‍ മുന്നണിയുടെ പുതിയ രാഷ്ട്രീയം വീക്ഷണം ലേഖകന്‍ എ ആര്‍ ആനന്ദുമായി പങ്ക് വയ്ക്കുന്നു.

* നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയെ എങ്ങനെ വിലയിരുത്തുന്നു

                       #ആര്‍.എസ്.എസ് നടത്തുന്ന വര്‍ഗീയ പ്രീണനം അതേ തരത്തില്‍  ഉപയോഗപ്പെടുത്തി സി.പി.എം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി. മുസ്ലീം തീവ്രവാദമാണ് യു.ഡി.എഫ് പ്രോല്‍സാഹിപ്പിക്കുന്നതെന്ന് സി.പി.എം പ്രചരിപ്പിച്ചു. ആ പ്രചരണത്തിലൂടെ  ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ സി.പി.എമ്മിന് സാധിച്ചു.എന്‍.എസ്.എസ് ഒഴികെയുള്ള മറ്റ് സാമുദായിക സംഘടനകളെ പ്രീണിപ്പിച്ച് കുടെ നിര്‍ത്താന്‍ ശ്രമിച്ചു.
ചുരുക്കത്തില്‍ രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നടത്തിയ സോഷ്യല്‍ എന്‍ജിനീയറിംഗ് എല്‍.ഡി.എഫിന്റെ വിജയത്തിന് വളരെയധികം സഹായിച്ചു.സി.പി.എം തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയ പല സമുദായങ്ങളും ഇന്ന് വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്നവര്‍ തിരിച്ചറിയുന്നു.നിയമപരമായി നിലനില്‍ക്കില്ലെന്നറിഞ്ഞ് കൊണ്ട് തന്നെ പത്ത് വോട്ടിന് വേണ്ടിയാണ് നാടാര്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തിയത്.  ഒടുവില്‍ നാടാര്‍ സമുദായത്തെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ നാടാര്‍ സമുദായത്തെ വഞ്ചിക്കുകയാണ്എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.

* യു.ഡി.എഫിന്റെ വരും കാല പ്രവര്‍ത്തനങ്ങളും സമരങ്ങളും

                       # കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിരന്തരം പോരാടേണ്ട നാളുകളാണ് വരുന്നത്.പഞ്ചായത്ത് തലം വരെയുള്ള യു.ഡി.എഫ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും.സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. യു.ഡി.എഫിനായി താഴേ തട്ടുവരെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും.വാര്‍ഡുകളില്‍ യു.ഡി.എഫ് അനുഭാവികളെ ഉള്‍പ്പെടുത്തി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും.നിലവില്‍ യു.ഡി.എഫില്‍ അസംതൃപ്തരില്ല.എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ പോരാടാന്‍ താല്‍പ്പര്യമുള്ള കക്ഷികളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് യു.ഡി.എഫ് കൂട്ടായി തീരുമാനിക്കും. കിരീടം നഷ്ട്ടപ്പെട്ട രാജാവായിട്ടാണ് ജോസ്.കെ മാണി എല്‍.ഡി.എഫില്‍ നില്‍ക്കുന്നത്.സി.പി.എമ്മിന്റെ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമാണ് ജോസ്.കെ മാണിയെ ഉപയോഗിക്കുന്നത്. അവര്‍ക്ക് കിട്ടേണ്ട അംഗീകാരം കിട്ടുമോയെന്ന് കണ്ടറിയണം. സി.പി.എമ്മിനോടൊപ്പം ജോസ്.കെ മാണിക്ക് അധികകാലം തുടരാന്‍ പറ്റില്ല.മരം,സ്വര്‍ണം,ഡോളര്‍ കടത്തുകള്‍ക്ക് കാര്‍മികത്വം വഹിച്ച പിണറായി വിജയന്‍ വെറും ക്യാപ്റ്റനല്ല കള്ളക്കടത്തിന്റെ ക്യാപ്റ്റനാണ്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി സഭയില്‍ ഭയപ്പെട്ട് ഒളിച്ചോടിയത്.  ജനങ്ങളുടെ മുന്നില്‍ ഇത് തെളിയിക്കാനുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കും.മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ശിവന്‍കുട്ടി ചെയ്തത്. നിയമസഭാ കേസ് പ്രതികള്‍ കീഴ്‌കോടതിയില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി അന്തിമ വിധിയാണ്. കേസിന്റെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ശിവന്‍കുട്ടിക്ക് രാജിവയ്‌ക്കേണ്ടി വരും അതുവരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും. കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് സമരം നടത്താത്തത് മോദിയുടെ പ്രീതിക്ക് വേണ്ടിയാണ്.ഇന്ധന, പാചക വാതക വില വര്‍ദ്ധനവ് അടക്കമുള്ള ജനവിരുദ്ധനയങ്ങളും  കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ സമര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല.സംസ്ഥാന സര്‍ക്കാരിനെതിരായ അന്വേഷണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം ലഭിക്കില്ലെന്ന് പേടിച്ചിട്ടാണിത്. ഇങ്ങനെ വിവിധകാരണങ്ങള്‍ കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ യു.ഡി.എഫുമായി ഒന്നിച്ച ഒരു പോരാട്ടത്തിന് സി.പി.എമ്മോ സര്‍ക്കാരോ തയ്യാറാകാത്തത്.

* ഇടതുപക്ഷം  ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനെ എങ്ങനെ നോക്കി കാണുന്നു.

              # പഞ്ചായത്തീരാജിലൂടെ അധികാര വികേന്ദ്രീകരണത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണ്. അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിയുടെ ആശയമായിരുന്നു പീപ്പിള്‍സ് പ്ലാനിംഗ് എന്നത്. ആ ആശയമാണ് ഇടതുപക്ഷം അതേ പേരില്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കി ജനകീയാസൂത്രണം എന്ന് കൊണ്ട് വന്നത്. അന്ന് അതിനോട് യു.ഡി.എഫ് പൂര്‍ണ്ണമായും സഹകരിച്ചിരുന്നു. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ നടന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയവല്‍ക്കരണവും ഗുരുതമായ അഴിമതിയുമായിരുന്നു. ഗ്രാമസഭകള്‍ വിളിച്ച് കൂട്ടി പദ്ധതികള്‍ ആസൂതണം ചെയ്യുന്നതിനു പകരം പദ്ധതികളില്‍ സഖാക്കളെ കുത്തിനിറച്ച് അഴിമതി നടത്തുകയാണുണ്ടായത്. വ്യാപകമായ അഴിമതി വന്നപ്പോള്‍ ഇ.എം.എസ് പോലും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. താന്‍ വിഭാവനം ചെയ്ത ജനകീയാസൂത്രണം ഇങ്ങനെ അല്ലെന്ന് വരെ ഇ.എം.എസിന് പറയേണ്ടി വന്നു.
ജനകീയാസൂത്രണത്തിലെ അഴിമതി  പഠിക്കാന്‍  ഞാന്‍ ചെയര്‍മാനായി ഒരു കമ്മിറ്റി നിയമിക്കപ്പെട്ടിരുന്നു. ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷേധിക്കാന്‍ പോലും സി.പി.എം തയ്യാറായിട്ടില്ല. ഈ വസ്തുതകള്‍ മറച്ച് വച്ച് കൊണ്ടാണ് വലിയ ഖ്യാതിയോടെ ആഘോഷം നടത്തുന്നത്. ഇത് പിണറായി വിജയനെ ബൂസ്റ്റ് ചെയ്യാന്‍ മാത്രമാണ്. അതിന് മുന്നോടി ആയിട്ടാണ് തോമസ് ഐസകിനെപ്പോലും മൂലക്കിരുത്തി പരിപാടികള്‍ നടത്തുന്നത്.

* സി.പി.എമ്മിന്റെ ദേശീയപതാക ഉയര്‍ത്തലും നരേന്ദ്ര മോദിയുടെ വിഭജന ഭീതി ഓര്‍മ്മദിനത്തെയും എങ്ങനെ വിലയിരുത്തുന്നു
                           # ദേശീയപതാക ഉയര്‍ത്തുന്നതില്‍ രാജ്യസ്‌നേഹം ഉണ്ടെങ്കില്‍ സി.പി.എം ആദ്യം ചെയ്യേണ്ടത് കല്‍ക്കട്ട തിസീസില്‍ തെറ്റ്പ്പറ്റി എന്ന് കുറ്റസമ്മതം നടത്തിയതുപോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ബൂര്‍ഷ്വാസികളുടെ പാര്‍ലമെന്ററി അധികാരമോഹമാണെന്നു പ്രചരിപ്പിച്ചു നടന്നതും  ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റികൊടുത്തതും തെറ്റാണെന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണമായിരുന്നു സി.പി.എം ദേശീയപതാക ഉയര്‍ത്തേണ്ടിയിരുന്നത്. വിദ്വേഷത്തിന്റെയും പകയുടെയും വെറുപ്പിന്റെയും വര്‍ഗീയതയുടെയും അതിശക്തമായ വിത്ത് വിതയ്ക്കാനാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്ത് വിഭജന ഭീതിയുടെ ഓര്‍മ്മ ദിനമായി ആചരിക്കുമെന്ന്  പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.  അന്നത്തെ വിഭജനത്തിന്റെ വേദനിക്കുന്ന ഓര്‍മകള്‍ ജനങ്ങള്‍ക്കിടയില്‍ കൊണ്ട് വന്ന് ജനങ്ങള്‍ക്കിടയില്‍ ജാതിയുടെ വിദ്വേഷവും പകയും ആളി കത്തിക്കുന്നതിനുള്ള രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണ്. വിഭജന രാഷ്ട്രീയം കൊണ്ട് അധികാരമുറപ്പിക്കലാണ്  നരേന്ദ്ര മോദി ലക്ഷ്യമാക്കുന്നത്.

* കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും വിലയിരുത്തുമ്പോള്‍

                      # കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്  യു.ഡി.എഫിനാണ്. വി.ഡി സതീശന്റെ പാര്‍ലമെന്ററി രംഗത്തെ പരിചയസമ്പത്ത് യു.ഡി.എഫിന് നേട്ടം ചെയ്യും . ഇങ്ങനെ ആവേശവും അനുഭവസമ്പത്തും  കൂടി ചേര്‍ന്ന് ഒരു പുതിയ കാഴ്ചപ്പാടില്‍ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും

Related posts

Leave a Comment