‘കാട്ടുനീതി’യുടെ കെണിയില്‍ അഫ്ഗാന്‍ ജനത

ഗോപിനാഥ് മഠത്തിൽ

ലോകത്തെ വിലകുറഞ്ഞ മനുഷ്യരായി അഫ്ഗാന്‍ ജനത മാറിയിരിക്കുന്നു. അത് ആ ജനങ്ങളുടെ കുറ്റംകൊണ്ടല്ല, അതിന് അമേരിക്കയുടെ പങ്കിനൊപ്പം പ്രാകൃത ഗോത്രസംസ്‌കാരത്തിന്റെ പിന്‍പറ്റുകാരായ താലിബാന്റെയും അനിയന്ത്രിതമായ സ്വാധീനമുണ്ട്. അമേരിക്കയിലെ ഇരട്ട വ്യാപാരസമുച്ചയങ്ങള്‍ 2001-ല്‍ തീവ്രവാദികള്‍ തകര്‍ത്തതിന്റെ കണക്കുതീര്‍ക്കാനും കൊടുംതീവ്രവാദി ലാദനെ പിടിക്കുന്നതിനുംവേണ്ടിയുള്ള അവിരാമയജ്ഞത്തിന്റെ ഭാഗമായാണ് അഫ്ഗാനില്‍ യുഎസ് സൈന്യം വിന്യസിക്കപ്പെട്ടതെന്ന് വേണം കരുതാന്‍. ലാദനെ പാകിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും കണ്ടെത്തുകയും വധിക്കുകയും ചെയ്തതിലൂടെ തീവ്രവാദം ലോകത്ത് നിന്ന് ഉന്മൂലനം ചെയ്തു എന്ന് തെറ്റായി കണക്കുകൂട്ടിയതിന്റെ ഫലമാണ് സേനാ പിന്‍മാറ്റം ഘട്ടംഘട്ടമായി നടപ്പില്‍വരുത്താന്‍ യുഎസ് 2020-ല്‍ താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ തീരുമാനിക്കുന്നത്. അതിന്റെ ഫലമായി ഡിസംബര്‍ 2 ന് അഫ്ഗാന്‍-താലിബാന്‍ സമാധാന കരാര്‍ ഒപ്പിടുകയും 2021-ഏപ്രില്‍ 14 ന് യുഎസ് സേന സെപ്തംബര്‍ 11 നകം അഫ്ഗാന്‍ വിടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആ പ്രഖ്യാപനം കൂടുതല്‍ ഊര്‍ജ്ജവും തിളക്കവും നല്‍കിയത് താലിബാന്റെ പ്രാകൃതയുഗ മുഖച്ഛായകള്‍ക്കാണ്. അതോടെ താടി നീട്ടിവളര്‍ത്തിയ ചുരുളന്‍ മുണ്ട് ചുറ്റിക്കെട്ടി തലപ്പാവ് ധരിച്ചവര്‍ ഒളിച്ചിരുന്ന മലമടക്കുകളില്‍ നിന്ന് അവസരങ്ങളെ അനുകൂലമാക്കിക്കൊണ്ട് യന്ത്രത്തോക്കുകളുമായി ജനാധിവാസമേഖലകളിലേക്ക് യാതൊരു കൂസലുമില്ലാതെ കടന്നുവന്ന് ആദ്യം പുലിസ്റ്റര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ വധിച്ചു. പിന്നീട് പ്രതിരോധമന്ത്രിയുടെ വീടു തകര്‍ത്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവിയെ വധിച്ചു. കുണ്ടൂസും ഗസ്‌നിയ അടക്കം 11 പ്രവിശ്യകളെയും തെക്കുപടിഞ്ഞാറന്‍ മേഖലകളെ നിയന്ത്രണത്തിലാക്കുകയും കാണ്ഡഹാറും ഹെല്‍മണ്ടും ഹെറാത്തും പിടിച്ചെടുക്കുകയും ചെയ്തു. ഒടുവില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് തലസ്ഥാനമായ കാബൂളും താലിബാന്‍ ഭീതിയുടെ കരിനിഴലിലായി. ജനങ്ങള്‍ അങ്ങനെ വഴിയാധാരമായി. പലായനത്തിന് പുതിയൊരു ആമുഖം തീര്‍ത്തുകൊണ്ട് അവര്‍ അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ കൂട്ടംകൂട്ടമായി എത്തി. അവര്‍ക്കുമുന്നില്‍ ചില രാജ്യങ്ങള്‍ പ്രവേശന നിഷേധത്തിന്റെ ഭാഗമായി വാതിലുകള്‍ കൊട്ടിയടയ്ക്കുകയും മറ്റുചില രാജ്യങ്ങള്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രിത പ്രവേശനം നല്‍കുകയും ചെയ്തു. പോകുന്ന പോക്കില്‍ അനാഥബാല്യങ്ങള്‍ രക്ഷിതാക്കളെ തിരഞ്ഞ് കരയുന്നത് കാണാമായിരുന്നു. അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതി ശേഷിക്കുന്ന യുഎസ് സൈന്യം തമ്പടിച്ചിരുന്ന കാബൂള്‍ വിമാനത്താവളത്തിന് സമീപം ഉയര്‍ന്ന മതിലിന് മുകളിലെ ചുറ്റുവേലിക്ക് മേലേക്ക് കൈക്കുഞ്ഞുങ്ങളെ എറിഞ്ഞുകൊണ്ടിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ യുഎസ് സൈന്യം കുഞ്ഞുങ്ങളെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. കുഞ്ഞുങ്ങളില്‍ ചിലരാകട്ടെ ചുറ്റുമുള്‍വേലിയില്‍ കുരുങ്ങി നിലത്തുവീണു. മാരകമായ മുറിവുകള്‍ പറ്റി ജീവച്ഛവങ്ങളായി തീര്‍ന്നു. രക്ഷപെടല്‍ ഭ്രാന്തമായ ആവേശമായി തീര്‍ന്ന ചിലര്‍ യുഎസ് വിമാനചിറകുകളില്‍ യാത്രചെയ്യാന്‍ ശ്രമിച്ച് ദാരുണാന്ത്യത്തിലേക്ക് തങ്ങളുടെ വിലാസങ്ങളെ സന്ധി ചെയ്യിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ യുഎസ്, അഫ്ഗാന്‍ ജനതയെ നിരാലംബരാക്കുകയായിരുന്നു. അവരുടെ ബുദ്ധിയില്‍ പൂവിട്ട നയതന്ത്രങ്ങള്‍ താലിബാന്‍ നിഗൂഢതന്ത്രങ്ങളെ കൂടുതല്‍ പുഷ്ടിപ്പെടുത്തുമെന്നുള്ള തിരിച്ചറിവിന്റെ നഷ്ടമാണ് അഫ്ഗാന്‍ ജനതയുടെ സ്വത്വത്തിന് നേര്‍ക്കുള്ള വെല്ലുവിളിയായി പരിണമിച്ചിരിക്കുന്നത്. അമേരിക്കയുടെ തണലില്‍ പുഷ്പ്പിച്ചുതുടങ്ങിയ ജനാധിപത്യ പാടത്ത് താലിബാന്റെ മടങ്ങിവരവ് സമാധാനത്തിന്റെ അന്തരീക്ഷങ്ങളെ തകര്‍ക്കും വിധം പ്രചണ്ഡമായിരുന്നു. അതോടെ അഫ്ഗാനിസ്ഥാന്‍ ഏതോ പ്രാകൃത ദുരന്ത സ്മരണയിലേയ്ക്ക് മടക്കയാത്ര ചെയ്തിരിക്കുന്നു. യുഎസ്-താലിബാന്‍ സമാധാന ചര്‍ച്ച വിജയിച്ച നാള്‍മുതല്‍ ശക്തമായ തിരിച്ചുവരവിന് ഊന്നല്‍ നല്‍കിക്കൊണ്ട് ആയുധപ്പുരകളെ കൂടുതല്‍ സജീവമാക്കുന്ന തിരക്കിലായിരുന്നു അവര്‍. വളരെ സമീപഭാവിയില്‍തന്നെ അമേരിക്ക അഫ്ഗാന്‍ വിടുമെന്നും അപ്പോള്‍ അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും താലിബാന്‍ കുതന്ത്രം മനസ്സിലാക്കാതെ പോയതാണ് യുഎസ് നയതന്ത്രത്തിന്റെ വീഴ്ച. എന്തിന് മറ്റൊരു രാജ്യത്തിന്റെയും അവിടുത്തെ ജനാധിപത്യസര്‍ക്കാരിന്റെയും രക്ഷകര്‍ത്തൃത്വം തീവ്രവാദത്തിന്റേ പേരില്‍ ഏറ്റെടുത്ത് കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്തണം എന്ന അമേരിക്കയുടെ വീണ്ടുവിചാരത്തിന് ഇനി കൊടുക്കേണ്ടിവരിക സമാധാനമില്ലായ്മയുടെ ഭീകരദിനങ്ങളായിരിക്കും. പലായനം നടത്തുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥി സമൂഹത്തില്‍ കടന്നുകൂടി വിദേശരാജ്യങ്ങളില്‍ എത്തപ്പെടുന്ന തീവ്രവാദികള്‍ ഇനി ഏത് മാധ്യമ ഓഫീസുകളില്‍, തെരുവുകളില്‍, വ്യാപാരസമുച്ചയങ്ങളില്‍, ജനാരണ്യങ്ങളില്‍ വിസ്‌ഫോടനങ്ങള്‍ നടത്തി രക്തരക്ഷസ്സുകളാകുമെന്നത് കാത്തിരിക്കേണ്ട കാര്യം തന്നെയാണ്. ജനിച്ചതെന്തിന് എന്നോ ജനിപ്പിച്ചതെന്തിനെന്നോ നിശ്ചയമില്ലാത്ത രാപ്പകല്‍ ഭേദമില്ലാതെ ഭ്രാന്തമായ ആശയങ്ങള്‍ ഉള്ളില്‍ പേറിക്കൊണ്ട് തോക്കും തുടച്ച് ഊരുതെണ്ടുന്ന ഇവറ്റകളെല്ലാം പേരിനെ അന്വര്‍ത്ഥമാക്കുംവിധം ചെയ്തുകൊണ്ടിരിക്കുന്നത് ഒരുരാജ്യത്തെ പവിത്രീകരിക്കുന്ന, സംരക്ഷിക്കപ്പെടുന്ന താലിയുടെ നിഷേധം തന്നെയാണ്. അതാണ് താലിബാന്‍. അമേരിക്ക സൃഷ്ടിച്ചിരിക്കുന്ന അബദ്ധത്തിലൂടെ ലോകത്തിന് സമാധാനപൂര്‍ണ്ണമായ ഉറക്കം തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. കാബൂളിലെ സംഭവവികാസങ്ങള്‍ ബോക്കേ ഹറാമിനെയും ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍-ഖ്വായ്ദയേയും പോലുള്ള ഭീകര സംഘടനകള്‍ക്ക് പുതിയൊരു ഉണര്‍വ്വുതന്നെ പകര്‍ന്നു നല്‍കിയിരിക്കുന്നു. പുതിയ ജിഹാദികള്‍ ഇനി രക്തപുഷ്പങ്ങള്‍ വിരിയിക്കുക തോക്കിന്‍ കുഴലിലൂടെയായിരിക്കുമെന്നാണ് വര്‍ത്തമാനകാലം ബോധ്യപ്പെടുത്തുന്നത്. ഭീകരതയുടെ വളക്കൂറുള്ള മണ്ണായി ലോകംതന്നെ മാറിയിരിക്കുന്നു. സാഹചര്യങ്ങള്‍ക്കനുകൂലമായി നീന്തിയും പ്രതിരോധിച്ചും നിലകൊണ്ട താലിബാന്റെ വിജയം അതാണ് ബോധ്യപ്പെടുത്തുന്നത്. 1990 കളില്‍ അഫ്ഗാനില്‍ നിന്ന് സോവിയറ്റ് യൂണിയന്റെ പിന്‍മാറ്റത്തോടെ പിറവികൊണ്ട താലിബാന്‍ ഇന്ന് ആ രാജ്യത്തിന്റെ ശിരോരേഖ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാറ്റി വരയ്ക്കുന്നത് അതിന്റെ തെളിവാണ്. അതിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ അഫ്ഗാനില്‍ മുഴങ്ങുന്നുണ്ടെങ്കിലും ഭ്രാന്തന്മാരുടെ കയ്യിലെ തോക്കുകള്‍ അതിനെ നിശബ്ദമാക്കും. തങ്ങളുടെ പഴയ നയങ്ങളെ മാറ്റാമെന്ന് താലിബാന്റെ നേതാക്കന്മാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും ഇത്തരം ഒരു സംഘടനയുടെ നേതാക്കളുടെ വാക്കുകള്‍ എങ്ങനെയാണ് വിശ്വസിക്കുക? അങ്ങനെ സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റെന്തു ചെയ്യാം.

വാല്‍ക്കഷണം:
വലിയ കൊടുങ്കാറ്റുകളെ അതിജീവിച്ച മഹാവൃക്ഷമാണ് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്. അടുത്തകാലത്ത് ആ മഹാവൃക്ഷത്തിലെ കേരളശാഖയില്‍ നിന്ന് ഒരു ഇളംകാറ്റില്‍ ഒന്നുരണ്ട് ചെറുകരിയിലകള്‍ പറന്നുപോയി. അവയെ ചുവന്ന പട്ടണിയിച്ച് കൂട്ടിക്കൊണ്ടുപോവുക എന്ന വിനോദത്തിലാണിപ്പോള്‍ കൊടിയേരി ബാലകൃഷ്ണന്‍. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അദ്ദേഹം കുറെ പട്ടുകള്‍ ഇനിയും കരിയിലകള്‍ വരുന്നതും കാത്ത് കരുതിയിട്ടുണ്ടാകും. അതൊക്കെ ഇനി സ്വയം പുതച്ച്് നടക്കാനേ തരമുള്ളൂ. കാരണം കോണ്‍ഗ്രസ്സ് നിത്യഹരിത വൃക്ഷമായി പുനഃനവീകരണത്തിന്റെ പാതയിലാണിപ്പോള്‍ സഞ്ചരിക്കുന്നത്.

Related posts

Leave a Comment