പൂജപ്പുര ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: കൊലക്കേസ് പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് (48) ജയിൽ ചാടിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ജാഹിര്‍ ചാടിപ്പോയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. 2017 ല്‍ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിര്‍ ഹുസൈന്‍. സംഭവവുമായി ബന്ധപ്പെട്ട് ഗാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫിസറെ സസ്പെൻഡ് ചെയ്തു. രണ്ടു തടവുകാരുടെ മാത്രം മേൽനോട്ടച്ചുമതല ഏൽപിച്ചിട്ടും തടവുകാരൻ രക്ഷപ്പെട്ടതിനാലാണു നടപടി. ജയിൽചാട്ടം ദക്ഷിണമേഖലാ ജയിൽ ഡിഐജി അന്വേഷിക്കും. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. ജയിൽ വളപ്പിലെ അലക്കു കേന്ദ്രത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ ഭാഗത്തേക്ക് കടന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൂചന. ജാഹിർ ഒരു ഷർട്ട് കയ്യിലെ കവറിൽ കരുതിയിരുന്നു, ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം ജാഹിര്‍ ഹുസൈന്‍ മുമ്പ് ഇത്തരത്തില്‍ ഒരു ദൗത്യത്തിന് തുനിഞ്ഞിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Comment