തട്ടിൽ എസ്റ്റേറ്റിൽ കുരുത്ത സമരാഗ്നി, ലീഡർ കെ. കരുണാകരൻ

കേരളത്തിൽ ഐഎൻടിയുസിക്ക് ശില പാകിയത് ലീഡർ കെ. കരുണാകരനാണ്. കണ്ണൂരിൽ നിന്ന് ചിത്രകല അഭ്യസിക്കാൻ തൃശൂരിലേക്കു താമസം മാറിയ കരുണാകരൻ, അമ്മാവൻ രാഘവൻ നായർ പണിയെടുത്തിരുന്ന തട്ടിൽ റബർ എസ്റ്റേറ്റിലെത്തിയത് യാദൃച്ഛികമായിരുന്നു. അവിടെ തൊഴിലാളികൾ നേരിടുന്ന കൊടിയ പീഡനങ്ങൾക്കെതിരേ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കരുണാകരൻ കോൺഗ്രസിലെത്തുന്നതിനു മുൻപ് ഐഎൻടിയുസിയിലാണ് അംഗത്വമെടുത്തത്. നേതാക്കൾക്കും സംഘടനയ്ക്കും വേണ്ടി നല്ല വടിവൊത്ത അക്ഷരങ്ങളിൽ ചുവരെഴുതിക്കൊണ്ടായിരുന്നു കരുണാകരന്റെ രാഷ്‌ട്രീയ പ്രവേശം.
കേരള രാഷ്‍ട്രീയത്തിന്റെ സമുന്നത നേതൃത്വത്തിലേക്കും രാജ്യത്തിന്റെ ഭരണതന്ത്രജ്ഞതയുടെ കിംഗ് മേക്കർ പദവിയിലേക്കും ഐഎൻടിയുസി കേരള ഘടകം നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ലീഡർ കെ. കരുണാകരൻ. ഐഎൻടിയുസിയിലൂടെ കടന്നു വന്ന് കോൺഗ്രസിന്റെ മുൻനിര ദേശീയ നേതൃത്വത്തിലെത്തിയ വേറൊരു നേതാവുമില്ല, ചൂണ്ടിക്കാണിക്കാൻ. അതിന്റെ നിത്യ സ്മാരകം കൂടിയാണ് നാളെ തിരുവനന്തപുരം മുട്ടത്തറ പരുത്തുക്കുഴിയിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കെ. കരുണാകരൻ സ്മാരക ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ്. അതിനുള്ളിൽ ഒരു തലമുറയുടെ മനസിൽ പതിഞ്ഞ പാൽച്ചിരിയായി കരുണാകരന്റെ ഛായാചിത്രവുമുണ്ടാകും.

Related posts

Leave a Comment