അഫ്ഗാൻ ; ഐ.പി.എൽ മത്സരങ്ങൾ വിലക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്കി താലിബാൻ. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. ഐ.പി.എല്ലിലെ ചിയർ ലീഡർമാർക്കും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത സ്ത്രീകളുമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരണയായി പറയപ്പെടുന്നത്. താലിബാൻ ഇത് ഇസ്ലാമിന് എതിരാണെന്നും അഫ്ഗാനിൽ അവർ തെറ്റെന്ന് കരുതുന്ന സന്ദേശം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ (എ.സി.ബി) മുൻ മാദ്ധ്യമ മാനേജരും പത്രപ്രവർത്തകനുമായ ഇബ്രാഹിം മോമൻദ് ഞായറാഴ്ച ട്വിറ്ററിലാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഇബ്രാഹിം എഴുതി. അതിന്റെ ഉള്ളടക്കങ്ങൾ ഇസ്ലാമിന് എതിരായി പരിഗണിക്കപ്പെടുന്നതിനാൽ മത്സരങ്ങളുടെ സംപ്രേഷണം നിരോധിച്ചിരിക്കുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്യുകയും സ്ത്രീകൾ തല മറയ്ക്കാതെ നിൽക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അഫ്ഗാൻ കളിക്കാരും ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ താരങ്ങളും ഇതിൽ ഉൾപ്പെടുന്നു. താലിബാൻ അഫ്ഗാനിൽ പിടിമുറുക്കിയ സമയത്ത് രണ്ട് കളിക്കാരും രാജ്യത്തിന് പുറത്തായിരുന്നു, ഇപ്പോൾ അവർ യു.എ.ഇയിലാണ് ഉളളത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് റാഷിദും നബിയും. വനിതാ ക്രിക്കറ്റും താലിബാൻ അഫ്ഗാനിൽ നിരോധിച്ചിട്ടുണ്ട്.

Related posts

Leave a Comment