തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഏത് ക്യാമ്പസിൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അതിനെ ചെറുക്കാൻ ലീഗ് കൂടെ നിൽക്കും ; ഡോ. എം കെ മുനീർ

കോഴിക്കോട്: കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദും, ലൗ ജിഹാദും നിലവിലുണ്ടോ എന്ന് മുഖ്യമന്ത്രി പറയണമെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ. ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നു എന്ന സിപിഐഎം നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഏത് ക്യാമ്പസിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത് എന്ന് വ്യക്തമാക്കണം. അതിന് തെളിവ് നല്‍കണം. അത്തരം ഒരു സംഭവം ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ മുസ്ലീം ലീഗ് കൂടെ നില്‍ക്കുമെന്നും എം കെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറ്റവും വലിയ വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും എംകെ മുനീര്‍ ആരോപിച്ചു.തീവ്രവാദത്തിന് എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ലീഗ്. അങ്ങനെയുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ലീഗ് ഒപ്പം നില്‍ക്കും. ഏത് ക്യാമ്പസിലാണ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചത് എന്ന് പറയണം. ഒളിപ്പിച്ച് വച്ചുകൊണ്ട് കാര്യങ്ങള്‍ പറയുന്നത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രമാണ് സഹായിക്കുക. സമുദായങ്ങളെ ഒന്നിച്ച് നിര്‍ത്തേണ്ടവര്‍ അതിനെ വെട്ടിമുറിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന് ഗുണകരമാവുമോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.പാല ബിഷപ്പിന്റെ പരാമര്‍ശത്തിന് പിന്നാലെ കലുഷിതമായ കേരളത്തിലെ സാമുദായിക രാഷ്ട്രീയ രംഗം ശാന്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കത്തെ വിമര്‍ശിച്ച് എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുനീറിന്റെ പ്രതികരണം. കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് യുഡിഎഫ് പിന്തുണയോടെയാണ് എന്നുകൂടി ഉറപ്പിക്കുക കൂടിയാണ് ലീഗ് നേതാവ് പുതിയ പ്രതികരണത്തിലുടെ. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി ഉയത്തിക്കാട്ടുന്ന കെ റെയില്‍ പദ്ധതിയ്ക്ക് പിന്നില്‍ സ്ഥാപിത താല്‍പ്പര്യമാണെന്നും എം കെ മുനീര്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment