നവാഗതകര്‍ക്കായി ടെന്‍ പോയിന്‍റ് ചലച്ചിത്ര പുരസ്കാരം: അപേക്ഷകൾ ക്ഷണിച്ചു

  • അപേക്ഷകള്‍ നവംബര്‍ 10 മുതല്‍ ജനുവരി 25 വരെ സമര്‍പ്പിക്കാം
  • 22 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

കൊച്ചി: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നു. ചലച്ചിത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാകും ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുക എന്നതാണ് ‘ടെന്‍ പോയിന്‍റ് ചലച്ചിത്ര പുരസ്കാരത്തെ’ വ്യത്യസ്തമാക്കുത്. സിനിഡയറി ഡോട്ട് കോമും ടെന്‍ പോയിന്‍റ് മീഡിയയും സംയുക്തമായാണ് പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്തതോ ഒടിടി പ്ലാറ്റ്ഫോമിലോ, ടെലിവിഷന്‍ പ്രീമിയര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിക്കുക.

‘സിനിമയെ സ്നേഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കഴിവുറ്റ നവാഗതരെ അംഗീകരിക്കുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിനായാണ് ഇത്തരം ഒരു പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും സിനിമ സ്വപ്നം കാണുന്ന തലമുറക്കും ഈ അവാര്‍ഡ് ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന്’ ടെന്‍ പോയിന്‍റ് മീഡിയ സ്ഥാപകനായ മനോജ് മാധവന്‍ പറഞ്ഞു.

എന്‍ട്രികള്‍ ഡി.വി.ഡി/ബ്ലൂ-റേ/ഹാര്‍ഡ് ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയിലായാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനുള്ള അപേക്ഷാഫോറവും മറ്റ് നിബന്ധനകളും അടങ്ങിയ ബ്രോഷര്‍ നവംബര്‍ 10 മുതല്‍ തിരുവനന്തപുരത്തെ ഡി.പി.ഐ. ജംഗ്ഷനിലും, കൊച്ചിയിലെ പനംപള്ളി നഗറിലുമുള്ള ടെന്‍ പോയിന്‍റ് മീഡിയ ഓഫീസുകളില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ www.cinidiary.com എന്ന സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മലയാളം സിനിമ ന്യൂസ് വെബ്സൈറ്റിലൂടെയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുവാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം എഡിറ്റര്‍, സിനി ഡയറി ഓണ്‍ലൈന്‍ മീഡിയ, കെ.എല്‍.ആര്‍.എ., ഡി.പി.ഐ ജംങ്ഷന്‍, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കാം. അവാര്‍ഡ് നിര്‍ണ്ണയത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതും ഇതേ വിലാസത്തിലാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 25ന് വൈകിട്ട് 5 മണി.
പുരസ്കാര വിഭാഗങ്ങള്‍ ചുവടെ.

മികച്ച ചിത്രം
മികച്ച പുതുമുഖ സംവിധായകന്‍
മികച്ച പുതുമുഖ നടന്‍
മികച്ച പുതുമുഖ നടി
മികച്ച പുതുമുഖ ബാലതാരം (ആണ്‍കുട്ടി)
മികച്ച പുതുമുഖ ബാലതാരം (പെണ്‍കുട്ടി)
മികച്ച പുതുമുഖ കഥാ രചയിതാവ്
മികച്ച പുതുമുഖ തിരക്കഥാകൃത്ത്
മികച്ച പുതുമുഖ നിര്‍മ്മാതാവ്
മികച്ച പുതുമുഖ ക്യാമറാമാന്‍
മികച്ച പുതുമുഖ എഡിറ്റര്‍
മികച്ച പുതുമുഖ സംഗീത സംവിധായകന്‍
മികച്ച പുതുമുഖ ഗാനരചയിതാവ്
മികച്ച പുതുമുഖ ഗായകന്‍
മികച്ച പുതുമുഖ ഗായിക
മികച്ച നൃത്ത സംവിധായിക/സംവിധായകന്‍
മികച്ച പുതുമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍)
മികച്ച പുതുമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ)
മികച്ച പുതുമുഖ കലാസംവിധായകന്‍
മികച്ച പുതുമുഖ വസ്ത്രാലങ്കാരകന്‍
മികച്ച പുതുമുഖ വിഷ്വല്‍ എഫക്ട്സ് (വ്യക്തി/സ്ഥാപനം)
മികച്ച പുതുമുഖ പോസ്റ്റര്‍ ഡിസൈനര്‍ (വ്യക്തി/ സ്ഥാപനം)

Related posts

Leave a Comment