വിമർശനങ്ങളിൽ വീഴാതെ മോദി-അമിത് ഷാ പരിഹാസത്തിലുറച്ച് ടെന്നീസ് താരം മാർട്ടിന നവ്‍രതിലോവ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ചതിലുറച്ച് ടെന്നീസ് ഇതിഹാസം മാർട്ടിന നവ്‍രതിലോവ. ട്വിറ്ററിലാണ് താരം അമിത്ഷായുടെ പ്രസ്താവന പങ്കുവച്ച് പരിഹസിച്ചത്. ഇതിനു പിറകെ നടന്ന സംഘ്പരിവാർ സൈബർ ആക്രമണത്തിലും അവർ ട്വീറ്റ് പിൻവലിച്ചില്ല. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷക്കാരെല്ലാം ഒരേ സ്‌കൂളിലാണ് പോകുന്നതെന്നും അവർ പ്രതികരിച്ചു. നരേന്ദ്ര മോദി ഏകാധിപതിയായിരുന്നില്ലെന്നും രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. എൻറെ അടുത്ത തമാശയിതാ എന്നു കുറിച്ചായിരുന്നു അമേരിക്കൻ താരം വാർത്ത റീട്വീറ്റ് ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി പദവി മുതൽ പ്രധാനമന്ത്രി സ്ഥാനം വരെയുള്ള മോദി ഭരണത്തിൻറെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ചാനലായ സൻസദ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം

സംഘ്പരിവാർ അനുകൂല അക്കൗണ്ടുകളിൽനിന്ന് കടുത്ത വിമർശനമുയർന്നിട്ടും അവർ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ത്യയിൽ വലതുപക്ഷക്കാരുടെ ട്രോളിനിരയാകാൻ പോകുകയാണ് മാർട്ടിനയെന്ന മാധ്യമപ്രവർത്തകൻ ഉസൈർ റിസ്‌വിയുടെ ട്വീറ്റിനോട് പ്രതികരിച്ചായിരുന്നു അവർ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷ സംഘങ്ങളുടെ ട്രോളിനിരയാകുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ മാർട്ടിനയും ഇടംപിടിച്ചിരിക്കുകയാണെന്ന് റിസ്‌വി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ല! സമാന അഭിപ്രായമാണോ എന്തെങ്കിലും വിയോജിപ്പുണ്ടോ എന്നൊന്നും അറിയില്ലെന്നും ഉസൈർ റിസ്‌വി ട്വീറ്റിൽ പറഞ്ഞു. എന്നാൽ, അമേരിക്കയിലെ വലതുപക്ഷ ട്രോളുകളെപ്പോലെത്തന്നെയാണ് ഇതുമെന്നായിരുന്നു മാർട്ടിനയുടെ പ്രതികരണം. രണ്ടുകൂട്ടരും ഒരേ സ്‌കൂളിലാണ് പോകുന്നതെന്നാണ് തോന്നുന്നതെന്നും ഒരു ആശങ്കയുമില്ലെന്നും മാർട്ടിന വ്യക്തമാക്കി.

Related posts

Leave a Comment