രാജ്യത്തെ ടെലികോം സേവന ധാതാക്കൾ ഫോൺ നിരക്ക് കുത്തനെ വർധിപ്പിച്ചു ; 20 മുതല്‍ 25 ശതമാനം വരെയാണ് വർധനവ്

മുംബൈ: രാജ്യത്തെ ടെലികോം സേവന ധാതാക്കൾ ഫോൺ നിരക്ക് കുത്തനെ വർധിപ്പിച്ചു. 20 മുതല്‍ 25 ശതമാനം വരെയാണ് വർധനവ്. ഭാരതി എയർടെലും വൊഡോഫോൺ ഐഡിയയും നിരക്ക് വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. റിലയന്‍സ് ജിയോ ഉൾപ്പെടെയുള്ള ബാക്കി സേവന ധാതാക്കളും നിരക്ക് വർധന ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. വൊഡോഫോൺ ഐഡിയയുടെ നിര‍ക്ക് വർധന നാളെ മുതലും ഭാരതി എയർടെലിന്റെ വർധന 26 മുതലും നിലവിൽ വരും. 5ജി സേവനം നൽകുന്നതിന് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യമുൾപ്പെടെ മുന്നിൽ കണ്ടാണ് നിരക്ക് വർധിപ്പിക്കാൻ ടെലികോം സേവന ധാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ആശിർവാദത്തോടെയാണ് വർധന നടപ്പാക്കുന്നത്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ പാക്കേജ് അവതരിപ്പിച്ചതിനു പിന്നാലെ കമ്പനികളെ നിലനിര്‍ത്തുകയെന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിരക്കു വര്‍ധനയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നു. നേരത്തെ നിരക്ക് വർധനയ്ക്ക് കമ്പനികൾ ശ്രമിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.  
ഇത്തവണ നിരക്ക് വർധന ആദ്യം പ്രഖ്യാപിച്ച, ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡാറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും. വോയ്‌സ് പ്ലാനുകൾക്ക് 25 ശതമാനം വർധനയും അൺലിമിറ്റഡ് പ്ലാനുകൾക്ക് 20 ശതമാനം വർധനയുമാണ് ഉണ്ടാവുക. 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപയാവും.149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയായും വർധിപ്പിക്കും. കൂടിയ താരിഫ് 2498 രൂപയിൽ നിന്ന് 2999 രൂപയായാണ് വര്‍ധിക്കുക.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി പറയുന്നത്. മുന്നോട്ട് പോകുന്നതിന് ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 200 രൂപ ലഭിക്കേണ്ടതുണ്ട്. ആത്യന്തികമായി 300 രൂപ ലഭിച്ചാൽ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ കഴിയുകയുളളുവെന്നും കമ്പനി പറയുന്നു.
വൊഡഫോൺ ഐഡിയയുടെ പ്ലാനുകളുടെ നിരക്ക് വർധന ചിലത് എയർടെല്ലിന്റെ പുതിയ പ്ലാനുകൾക്ക് സമാനവും മറ്റു ചിലത് എയർടെലിനേക്കാൾ കുറഞ്ഞതുമാണ്. 200 എംബി ഡാറ്റയ്‌ക്കൊപ്പം 28 ദിവസത്തേക്ക് പരിമിതമായ ലോക്കൽ, എസ്ടിഡി കോളുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ 79 രൂപ പ്ലാനിന് ഇനി മുതല്‍ 99 രൂപയാണ് വിഐ ഈടാക്കുക. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ  99 രൂപയുടെ  ടോക്ക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും. സെക്കൻഡിൽ 1 പൈസയാണ് വോയിസ് താരിഫ്. ഡാറ്റാ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് 67 രൂപ വരെയാണ് വില കൂട്ടിയിട്ടുള്ളത്. 48 രൂപയുടെ പ്ലാനിന് 58 രൂപ നല്‍കേണ്ടിവരുമ്പോൾ 351 രൂപ പ്ലാനിന് നാളെ മുതൽ 418 രൂപയാകും. വിഐയുടെ ഒരു വർഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതൽ 2,899 രൂപ നൽകണം. ഈ പ്ലാനില്‍ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയ്‌ക്കൊപ്പം പ്രതിദിനം 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. എന്നാൽ എയർടെലിന്റെ ഈ പ്ലാനിന് 2999 രൂപയായാണ് ഇനിമുതൽ നൽകേണ്ടത്. വാർഷിക പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 25ന് മുമ്പ് ചെയ്താൽ 500 രൂപ ലാഭിക്കാൻ കഴിയും. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന്റെ സാക്ഷാൽകാരത്തെ ത്വരിതപ്പെടുത്തുന്നതിൽ പങ്ക് വഹിക്കാൻ വിഐ പ്രതിജ്ഞാബദ്ധമാണെന്ന് വൊഡഫോൺ ഐഡിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment