ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും: തേജ് പ്രതാപ് യാദവ്

പട്‌ന : ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന് തിരിച്ചടിയാവുന്ന പ്രഖ്യാപനവുമായി സഹോദരന്‍ തേജ് പ്രതാപ് യാദവ്. ബിഹാറിലെ കുശ്‌ഹേഷ്‌വാര്‍ അസ്താന്‍ അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു. പുതുതായി രൂപീകരിച്ച ഛാത്ര ജനശ്കതി പരിഷത്ത് കുശ്‌ഹേഷ്‌വാര്‍ അസ്താനില്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തും. അതേസമയം താരാപൂര്‍ മണ്ഡലത്തില്‍ ആര്‍.ജെ.ഡിക്കായി പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഛാത്ര പരിഷത്തിന്റെ വിദ്യാര്‍ഥി വിഭാഗം കുശ്‌ഹേഷ്‌വാറിലെ സ്ഥാനാര്‍ഥി അത്രിക് കുമാറിനും താരാപൂരിലെ സ്ഥാനാര്‍ഥി അരുണ്‍ കുമാറിനും വേണ്ടി പ്രചരണം നടത്തുമെന്നും അവരുടെ വിജയം ഉറപ്പുവരുത്തുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പിതാവ് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ അശോക് കുമാര്‍ മകനെ പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച്‌ തേജ് പ്രതാപ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തേജ് പ്രതാപിന്റെ പ്രഖ്യാപനം. ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജ് പ്രതാപും തേജസ്വിയും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment