സാങ്കേതിക സർവകലാശാലാ പരീക്ഷാ മൂല്യനിർണയത്തിൽ വീഴ്ച; എഞ്ചിനീയറിങ് വിദ്യാർത്ഥികൾ തോറ്റു, റിവ്യൂ നടത്തിയപ്പോൾ ജയിച്ചു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ വീഴ്ച. പരീക്ഷയിൽ തോറ്റ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തുവന്നതോടെയാണ് മൂല്യനിർണയത്തിലെ വീഴ്ച പുറത്തുവന്നത്.
ലോകായുക്തയുടെ നിർദ്ദേശപ്രകാരം ഇവരുടെ ഉത്തരക്കടലാസുകൾ റിവ്യൂ കമ്മിറ്റി പുനർമൂല്യനിർണയം നടത്തിയപ്പോൾ മാർക്കിൽ വലിയ വ്യത്യാസമാണ് കണ്ടെത്തിയത്. തോറ്റ വിദ്യാർത്ഥികൾ ബി.ടെക് പരീക്ഷ ജയിക്കുകയും ചെയ്തു.

മൂല്യനിർണയത്തിന് പരിചയ സമ്പന്നരല്ലാത്ത അധ്യാപകരെ നിയോഗിക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾ എഞ്ചിനീയറിങ് പരീക്ഷയിൽ തോൽക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് വീഴ്ചകൾ പുറത്തുവന്നതെന്നതാണ് ശ്രദ്ധേയം. സ്വാശ്രയ  എൻജിനീയറിങ് കോളേജുകളിലെ  അധ്യാപകരെ യോഗ്യത പോലും  പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നിയമിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി.ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ ‘സ്ട്രക്ചറൽ അനാലിസിസ് ‘പേപ്പറിന് മാത്രമായി തോറ്റ രണ്ടു വിദ്യാർത്ഥിനികൾക്ക് 24 മാർക്കും 22 മാർക്കുമാണ് ലഭിച്ചത്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയിൽ അവരുടെ മാർക്ക് യഥാക്രമം 17, 10 എന്നിങ്ങനെ കുറയുകയും ചെയ്തു. ഇതോടെയാണ്, ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർഥിനികൾ തങ്ങൾക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകയുക്തയെ സമീപിച്ചത്. ലോകയുക്തയുടെ നിർദ്ദേശനുസരണം പരാതി പരിശോധിക്കാൻ സർവ്വകലാശാല റിവ്യൂ കമ്മിറ്റിയെ  ചുമതലപ്പെടുത്തി.

ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അധ്യാപകരെ കൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ നേരത്തെ ലഭിച്ച 17 മാർക്ക് 76 ആയി ഉയർന്നു. നേരത്തെ പത്തുമാർക്കെന്ന് രേഖപ്പെടുത്തിയിടത്ത് അത് 46 മാർക്കായും ഉയർന്നു. തുടർന്ന് വിദ്യാർത്ഥികൾ ബി.ടെക് പരീക്ഷയിൽ വിജയിക്കുകയും ചെയ്തു.
മൂല്യനിർണയത്തിലുണ്ടായ പാകപ്പിഴ സർവകലാശാലയുടേതാണെങ്കിലും ഉത്തരക്കടലാസ് റിവ്യൂ ചെയ്യുന്നതിന് 5000 രൂപ വീതം വിദ്യാർത്ഥിനികളിൽ നിന്ന് ഈടാക്കുകയും ചെയ്തു.

അതേസമയം, സർവകലാശാലയുടെ നിരുത്തരവാദിത്തപരമായ നടപടിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് ഐ.ടി കമ്പനികളിലുൾപ്പടെ പ്ലേസ്മെന്റ് ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. മൂല്യനിർണയത്തിലെ അപാകത മൂലം വിദ്യാർത്ഥികൾക്ക്  തൊഴിൽ നഷ്ടപ്പെടുകയാണ്. അതിനാൽ, മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെയും ഉത്തരവാദപെട്ട സർവകലാശാല ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടികൾ സ്വീകരിക്കണന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 

Related posts

Leave a Comment