പ്രിൻസിപ്പൽമാരുടെ തരംതാഴ്ത്തൽ: ടെക്.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പുറത്താകും

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ കൂടാതെ യോഗ്യതയില്ലാത്തതിന്റെ പേരിൽ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തരം താഴ്ത്തിയവരിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗവും. തരംതാഴ്ത്തൽ വന്നതോടെ ഇദ്ദേഹം സിൻഡിക്കേറ്റിൽ നിന്ന് പുറത്താകും. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായി സാങ്കേതിക സർവകലാശാല  സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത ഇടുക്കി ഗവൺമെൻറ് എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ സി. സതീഷ്കുമാറിനെ യോഗ്യത ഇല്ലാത്തതുകൊണ്ട് തരംതാഴ്ത്തിയതിനെ തുടർന്നാണ് സിൻ ഡിക്കേറ്റിൽ നിന്ന് പുറത്താവുന്നത്. സാങ്കേതിക സർവകലാശാല ബോർഡ് ഓഫ് ഗവർനേഴ്സിലെ അംഗവും എൻജിനീയറിങ് കോളേജിലെ ഇടത് അധ്യാപക സംഘടനയുടെ നേതാവുമാണ് സതീഷ് കുമാർ.
സർക്കാർ കോളേജിലെ അയോഗ്യരായവരെ തരംതാഴ്ത്തി കൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജിലേയും മറ്റ് സ്വകാര്യ കോളേജുകളിലെയും അയോഗ്യരായവരെ കണ്ടെത്താൻ സർവകലാശാല ഇതുവരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ഇതിന് ചുമതലപെടുത്തിയിട്ടുള്ള സിൻഡിക്കേറ്റിന്റെ അക്കാദമിക് സ്ഥിരം സമിതിയിലും ഇദ്ദേഹം അംഗവുമാണെന്നതാണ് ശ്രദ്ധേയം. പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് 2016 മുതൽ മുൻകാല പ്രാബല്യത്തിൽ തരംതാഴ്ത്തപെട്ടതിനാൽ  പ്രിൻസിപ്പൽ പ്രതിനിധിയായുള്ള സതീഷ് കുമാറിന്റെ സിൻ ഡിക്കേറ്റ് അംഗത്വം  സ്വാഭാവികമായും ഇല്ലാതാവും.
വൈസ് ചാൻസലർ തസ്തികയ്ക്ക് ഡോക്ടറേറ്റ് ബിരുദത്തിനുപുറമേ പ്രൊഫസ്സർ പദവിയിൽ  പത്തു വർഷത്തെ അധ്യയന പരിചയം മാത്രമാണ് വേണ്ടതെന്നതിനാൽ പ്രിൻസിപ്പൽ തസ്തികയിൽ നിന്ന് തരം താഴ്ത്തപ്പെട്ടുവെങ്കിലും ഡോ. രാജശ്രീക്ക് നിലവിലെ വിസിയ്ക്ക് തൽസ്ഥാനത്ത് തുടരാനാവും. തിരുവനന്തപുരം ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കവേ 2019ലാണ് ഡോ. രാജശ്രീ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിതയായത്.

Related posts

Leave a Comment