കണ്ണടച്ച് സർക്കാർ, കണ്ണീർ കുടിച്ചു ജനങ്ങൾ

കൊച്ചി ബിടിഎച്ച് ഹോട്ടലിന്റെ ഒന്നാം നമ്പർ മുറിയിലിരുന്ന് പ്രൊഫ. മാധവ് ​ഗാഡ്​ഗിൽ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെഃ സിമന്റ് തേയ്ക്കാതെ കട്ട കൊണ്ടു നിർമിച്ചു വച്ച പിരമിഡാണി‌പ്പോൾ കേരളത്തിലെ പശ്ചിമഘട്ടം. അതിന്റെ അടിത്തട്ടിൽ നിന്ന് ഒരു ഇഷ്ടിക എടുത്തുമാറ്റിയാൽ ഈ പിരമിഡ് നിലംപൊത്തും. ആർക്കും ഒന്നും ചെയ്യാനാവില്ല.  തീരെച്ചെറിയൊരു പ്രകമ്പനം പോലും ഈ മലകൾ ഒന്നൊന്നായി പിളർത്തും. അവിടെനിന്നു പൊട്ടിയൊലിച്ചുവരുന്ന ഉരുൾപ്രളയത്തിൽ കേരളം മുങ്ങും.  മണ്ണിലും ചെളിയിലും വെള്ളത്തിലുമായി ജീവജാലങ്ങളൊടുങ്ങും. മഹാദുരന്തങ്ങളിൽ നിന്നു കരകയറുന്നത് പിന്നീടു വളരെ ദുഷ്കരമാവും.

ഡോ. മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ​ഗാഡ്​ഗിലുമായി 2015 ൽ നടത്തിയ അഭിമുഖം എന്നെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും പ്ര​ഗത്ഭനായ  പാരിസ്ഥിതിക ശാസ്ത്രജ്ഞന്റെ ആകുലതകളെന്നു മാത്രമാണ് അന്നു തോന്നിയത്. കഷ്ടിച്ചു നാലുവർഷം കഴിഞ്ഞു 2019ൽ മലപ്പുറം ജില്ലയിലെ മുത്തപ്പൻമല പിളർന്നു മാറിയപ്പോൾ ഈ പ്രവചനം വള്ളിപുള്ളി തെറ്റാതെ ഫലിച്ചതു കണ്ട് അന്തംവിട്ടിരുന്നുപോയി.

മലപ്പുറം കവളപ്പാറയിൽ മുത്തപ്പൻ മലയുടെ ഒരു വശം ഇടിഞ്ഞമർന്നപ്പോൾ.

 കഴിഞ്ഞ നാലു വർഷമായി ഈ ദുരന്തം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും. ഏഴായിരത്തോളം ക്വാറികൾ, നാല്പതിലേറേ വമ്പൻ അണക്കെട്ടുകൾ, അസംഖ്യം തടയണകൾ, നൂറ് കണക്കിന് റിസോർട്ടുകൾ തുടങ്ങി എത്രയെത്ര അധിനിവേശങ്ങളാണ് സഹ്യന്റെ മടിത്തട്ട് മുതൽ നെറുകയിൽ വരെ കേരളത്തിൽ നടത്തിയിരിക്കുന്നത്. നിയമങ്ങളെല്ലാം നോക്കുകുത്തിയാകുമ്പോൾ സ്വാധീനമുള്ളവരെ ഒന്നു തൊടാൻ പോലും നിയമപാലകർക്കു കഴിയുന്നില്ല. അടിവാരങ്ങളിൽ പരമാവധി ജാ​ഗ്രതയോടെ ഭൂവിനിയോ​ഗം നടത്തി ജീവിക്കുന്ന കർഷകരെ മറയാക്കി, തീരെച്ചെറിയൊരു വിഭാ​ഗം കടന്നുകയറ്റാക്കാരാണിപ്പോൾ നമ്മുടെ മലനിരകളുടെ ചരമ​ഗീതം കുറിക്കുന്നത്. ജനവാസകേന്ദ്രത്തിനു തൊട്ടു മുകളിൽ, ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി പി.വി. അൻവർ എന്ന സിപിഎം എംഎൽഎ കെട്ടിപ്പൊക്കിയിരിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് പോലും പശ്ചിമഘട്ടത്തിന്റെ അതിലോല മേഖലയിലാണ്. കോടതികൾ വരെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ കുറിപ്പ് തയാറാക്കുന്നതു വരെ അൻവറിന്റെ അമ്യൂസ്മെന്റ് പാർക്കിലേക്ക് നിയമത്തിന്റെ ചെറുവിരൽപോലും നീണ്ടുവന്നിട്ടില്ല. ക്വാറികളുടെ കാര്യവും ഇതുതന്നെ.

കേരളം പ്രളയക്കെടുതിയിലും ഉരുൾ ഭീതിയിലും വിർപ്പുമുട്ടുമ്പോഴും ആയിരത്തോളം കള്ള ക്വാറികൾ പശ്ചിമഘട്ടത്തിൽ  ഒരു തടസവുമില്ലാതെ പ്രവർത്തിക്കുന്നു. ഇതിനു പുറമേ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്ന ആറായിരത്തോളം അം​ഗീകൃത ക്വാറികൾ വേറെയും. ഇതിൽ നിന്നെല്ലാം കൂടി അഞ്ചുകോടിയിൽപ്പരം മെട്രിക് ടൺ പാറ  പുറത്തേക്കു പായുമ്പോൾ സഹ്യനപ്പാടെ കുലുങ്ങി വിറയ്ക്കുകയാണ്. പുരണാത്തിലെ ഋശ്യശൃം​ഗനെ തൊടാൻ വരുന്നവരെ കല്ലുപിഴുതെറിയുന്ന വിഭാണ്ഡക മലയെപ്പോലെ. സംസ്ഥാനത്തെ 14 ജില്ലകളിലു‌മായി ഏഴായിരത്തിലധികം ക്വാറികളാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിമിർത്തു പെയ്യുന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലുമായി 52 പേർ ഇല്ലാതായിട്ടും ക്വാറികൾക്ക് അധികൃതർ സ്റ്റോപ് മെമ്മോ കൊടുത്തിട്ടില്ല.

മുത്തപ്പൻമലയിലെ ക്വാറികളിലൊന്ന്
  • വാരിക്കോരി ക്വാറികൾ

ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2018-19 ൽ മാത്രം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 223 പാറമടകൾക്കാണ് അനുമതി നൽകിയത്. ഏറ്റവും കൂടുതൽ എറണാകുളത്ത് കുറവ് വയനാട്ടിലും. കണക്കിങ്ങനെഃ എറണാകുളം 47, പാലക്കാട് 35, മലപ്പുറം 32, കോഴിക്കോട്, കണ്ണൂർ 23 വീതം, പത്തനംതിട്ട 16, തിരുവനന്തപുരം 15, കൊല്ലം 12, കോട്ടയം 9, തൃശൂർ 6, ഇടുക്കി, കാസർ​ഗോഡ് 2 വീതം,  വയനാട് 1. 2019 ൽ മാത്രം നൽകിയത് 223 പാറമടകൾക്കുള്ള ലൈസൻസ്. അനുമതി കാത്ത് 750 അപേക്ഷകൾ മൈനിം​ഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പക്കലുണ്ട്. അനുമതി കൊടുത്തിട്ടില്ലെങ്കിലും ഇതിൽ നല്ല പങ്കും ഇപ്പോഴും പ്രവർത്തിക്കുന്നു.  വൻകിട ഇടപാടുകാരുടെ ബിനാമികളും സബ് കോൺട്രാക്റ്റർമാരുമാണ് ഇവിടെ ഖനനം ചെയ്യുന്നത്. പാറക്വാറികളുടെ ഉടമകൾ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ വരെ നടത്തിയിട്ടും  തടയാൻ അധികൃതർക്കാവുന്നില്ല. അത്രയ്ക്കാണ് ഉടമകളുടെ പിടിപാടുകൾ. 

കഷ്ടിച്ചു രക്ഷപ്പെട്ട തങ്കമ്മ

  • മുത്തപ്പൻമല വിഴുങ്ങിയ തങ്കമ്മയുടെ ആടുജീവിതം

2019 ഓ​ഗസ്റ്റ് എട്ട് വ്യാഴാഴ്ച രാത്രി മലപ്പുറം ജില്ലയിലെ കവളപ്പാറ വന്നിശേരിയിലെ തങ്കമ്മയ്ക്കു മറക്കാനാവാത്ത കാളരാത്രിയാണ്. തിമിർത്തു പെയ്യുന്ന പേമാരിയിലും ഉരുൾ ഭീഷണിയിലും ഭയന്നു വിറച്ച് വന്നിശേരിയിലെ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ അഭയം തേടിയതാണ് തങ്കമ്മയും അൻപതോളം പേരും. പക്ഷേ ആർത്തിരമ്പി വന്ന ഉരുൾച്ചെളിയിൽ അവിടെയുണ്ടായിരുന്ന മിക്കവരും ഒലിച്ചു പോയി. തങ്കമ്മയും ആപൂർവം ചിലരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ആടുവളർത്തിയും ചെറിയ കൃഷിപ്പണികൾ ചെയ്തുമാണ് തങ്കമ്മയുടെ ജീവിതം.

  ദിവസങ്ങൾ കഴിഞ്ഞാണ് കവളപ്പാറയിലെ മരണ സംഖ്യ 59 ആണെന്നു തിട്ടപ്പെടുത്തിയത്. അവരിൽ 11 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാണാതായവരുടെ മുകളിൽ അറുപടി ഉയരത്തിലെങ്കിലും ചെളി നിറഞ്ഞുപോയെന്നാണ് സുരക്ഷാ സേനയിലെ വിദ​ഗ്ധർ വിലയിരുത്തിയത്. രണ്ടാഴ്ചത്തെ തെരച്ചിലിനൊടുവിൽ യഥാവിധി അന്ത്യകർമങ്ങൾ പോലും ലഭിക്കാതെ ഈ 11 പേരും മണ്ണിൽ വിലയം പ്രാപിച്ചു.

മുത്തപ്പൻമലയുടെ വയനാട് പുത്തുമലയിൽ ഉരുൾപൊട്ടിയ സ്ഥലം

 കേരളത്തെ തമിഴിനാട്ടിലെ നീല​ഗിരി ജില്ലയുമായി വേർതിരിക്കുന്ന മുത്തപ്പൻ മലയുടെ തെക്കേ ചെരിവിലാണു കവളപ്പാറ. പിളർന്നിറങ്ങിയ മുത്തപ്പൻമലയുടെ മറുവശം വയനാട്ടിലെ പുത്തൻമലയാണ്. കവളപ്പാറയിൽ ഉരുൾപൊട്ടിയ അതേ സമയത്തു തന്നെ പുത്തൻമലയിലും ഉരുൾപൊട്ടി. അവിടെ മലവിഴുങ്ങിയത് 17 പേരേ! പശ്ചിമ ഘട്ട സംരക്ഷണ പദ്ധതിയുടെ ഭാ​ഗമായി കേന്ദ്ര സർ‌ക്കാർ നിയോ​ഗിച്ച മാധവ് ​ഗാഡ​ഗിൽ കമ്മിഷൻ കണ്ടെത്തിയ അതിതീവ്ര ലോല മേഖലയിൽപ്പെട്ട പ്രദേശമായിരുന്നു കവളപ്പാറയും പുത്തൻമലയും. എന്നാൽ ഈ മുന്നറിയിപ്പ് ആരും ചെവിക്കൊണ്ടില്ല. മുത്തപ്പൻമലയിൽ മാത്രം 33 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ പ്രകമ്പനമാണ് മുത്തപ്പൻമല പിളർത്തി കവളപ്പാറയിലും പുത്തൻമലയിലും ദുരന്തം വിതച്ചത്. ഈ മഹാദുരന്തങ്ങൾ കഴിഞ്ഞു രണ്ടു വർഷം പിന്നിട്ട  ശേഷവും പാറമടകളെല്ലാം ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നു, ഇപ്പോഴും.  പി.വി. അൻവറിന്റെ അമ്യൂസ്മെന്റ് പാർക്കും ഇതിനടുത്താണ്.

പതിനൊന്നു പേരെ ഇനിയും കണ്ടെത്താനുള്ള കവളപ്പാറയിലെ ഉരുൾനിലം
  • 140 മലയിടിച്ചിൽ, ആയിരത്തിലധികം ജീവഹാനി

1983 മുതൽ 2020 വരെ സംസ്ഥാനത്ത് 140ൽപ്പരം മേജർ ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ടെന്നാണു കണക്ക്. അവിടെയെല്ലാം കൂടി 1200ൽപ്പരം ആളുകൾ കൊല്ലപ്പെട്ടു എന്നും രേഖകൾ പറയുന്നു. ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അക്കാലത്തെ യുപിഎ സർക്കാർ നിയോ​ഗിച്ച പ്രൊഫ. മാധവ് ​ഗാഡ്​ഗിൽ കമ്മിഷന്റെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ അന്നുണ്ടായിരുന്ന ക്വാറികളിൽ പകുതിയും അപകടാവസ്ഥയിലായിരുന്നു. ഇതിനു പുറമേ 40ൽപ്പരം അണക്കെട്ടുകളും പശ്ചിമഘട്ടത്തിന്റെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടിക്കുന്നതാണെന്നും കണ്ടെ‌ത്തി.

കക്കടാംപോയിൽ പി.വി. അൻവർ സ്ഥാപിച്ച ഹോംതീം പാർക്ക്

​ഗുജറാത്തിലെ സം​ഗോത് മുതൽ തമിഴ്നാട്ടിലെ മരുതുവാഴ്‌മലൈ വരെയുള്ള 1600 കിലോമീറ്റർ നീണ്ട പശ്ചിമ ഘട്ടത്തിൽ ഏറ്റവും കൂടുൽ പ്രകൃതി ലോല പ്രദേശം കേരളത്തിലാണ്. അതാണ് ഓരോ വർഷവും ഇവിടെ ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.  ഈ സാഹചര്യത്തിലാണ് കേരളത്തിൽ ക്വാറികൾ നിയന്ത്രിക്കണമെന്ന് മാധവ് ​ഗാഡ്​ഗിൽ കമ്മിഷൻ ശുപാർശ ചെയ്തത്. എന്നാൽ അതിനെ രാഷ്‌ട്രീയ ആയുധമാക്കി, പ്രചാരണം നടത്തിയവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സ്വന്തം പാർട്ടിയിലെ എംഎൽഎയ്ക്കും മന്ത്രിയുടെ ബന്ധുക്കൾക്കുമൊക്കെ അമ്യൂസ്മെന്റ് പാർക്കുകൾക്കും പാറ ക്വാറികൾക്കും യഥാവിധി അനുമതി നൽകുന്ന ഒരു ഭരണകൂടത്തിന്റെ പാരിസ്ഥിതിക പ്രേമവും പ്രകൃതി സംരക്ഷണ‌വുമൊക്കെ ഊഹിക്കാവുന്നതേയുള്ളൂ.

(തുടരും)

Related posts

Leave a Comment