145 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ടീമിനും സാധിക്കാത്ത പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.
ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലുമായി മുഴുവൻ വിക്കറ്റുകളും എതിരാളികൾക്ക് ക്യാച്ചുകളായി സമ്മാനിച്ചാണ് ഇന്ത്യ വിചിത്ര റെക്കോർഡ് സ്വന്തമാക്കിയത്.
ആദ്യമായാണ് ടെസ്റ്റ് മാച്ചിൽ ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചുകളായി നഷ്ടപ്പെടുന്നത്. 20 ക്യാച്ചുകളിൽ ഏഴും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ കയ്ൽ വെറീനാണ് പിടിച്ചെടുത്തത്. അതേസമയം, ടെസ്റ്റിൽ ഇതിന് മുൻപ് അഞ്ച് തവണ 19 വിക്കറ്റുകളും ക്യാച്ച് ഔട്ടായി പോയ ചരിത്രമുണ്ട്.
കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യൻ സമയം രണ്ട് മണിക്ക് പുനഃരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 111 റൺസ് കൂടി മതി. ഇന്ത്യ മുന്നോട്ട് വെച്ച 212 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർ ഇപ്പോൾ 101 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. രണ്ട് ദിവസവും എട്ട് വിക്കറ്റുകളും കൈയ്യിലുള്ള ദക്ഷിണാഫ്രിക്ക കളി ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള പുറപ്പാടിലാണ്.