സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപണം, ഭവനഭേദനം ; അദ്ധ്യാപകൻ ജീവനൊടുക്കി

മലപ്പുറം: സ്ത്രീയുമായി ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് വീട് ആക്രമണത്തിനിരയായ അധ്യാപകൻ ജീവനൊടുക്കി. മലപ്പുറം വലിയോറ സ്വദേശി സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം സദാചാരഗുണ്ടകളായ ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി ആക്രമിച്ചതായും ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തായ സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഒരുസംഘം കഴിഞ്ഞദിവസം സുരേഷിനെ മര്‍ദിച്ചത്. വീട്ടില്‍ കയറി ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഇതിനുശേഷം സുരേഷ് വളരെയേറെ മനോവിഷമത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Related posts

Leave a Comment