ആശ്വാസമായി രാഹുലും പ്രിയങ്കയും ; കൊല്ലപ്പെട്ട കർഷകരുടെ വീടുകള്‍ സന്ദർശിച്ചു 

ലഖ്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെട്ട കോൺഗ്രസിന്റെ ഏഴംഗ സംഘം കൊല്ലപ്പെട്ട കർഷരുടെ വീടുകൾ സന്ദർശിച്ചു.കൊല്ലപ്പെട്ട കർഷകൻ ലവ്പ്രീത് സിങ്ങിന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബത്തെയും സംഘം സന്ദർശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനൽകി.

ഡൽഹിയിൽനിന്ന് രാഹുൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലഖിംപുരിലേക്ക് പുറപ്പെട്ടത്. രണ്ടുമണിയോടെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പോലീസ് തടഞ്ഞു. പോലീസ് വാഹനത്തിൽ ലഖിംപുരിലെത്തിക്കുമെന്ന അധികൃതരുടെ നിർദേശം തള്ളിയ രാഹുൽ ലഖ്നൗ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് സ്വന്തം വാഹനത്തിൽ പോകാൻ അനുമതി ലഭിച്ചത്.

വൈകീട്ട് അഞ്ചോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സീതാപൂരിൽ പ്രിയങ്കയെ കസ്റ്റഡിയിൽ പാർപ്പിച്ച ഗസ്റ്റ് ഹൗസിലെത്തി. 58 മണിക്കൂർ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി രണ്ടു വാഹനങ്ങളിലായി ലഖിംപൂരിലേക്ക് തിരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, പ്രിയങ്കയ്ക്കൊപ്പം അറസ്റ്റിലായ രാജ്യസഭാംഗം ദീപേന്ദർ സിങ് ഹൂഢ, എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment