ഇന്ധന വിലവർധനവിന്റെ പേരിൽ നടക്കുന്നത് നികുതി ഭീകരതഃ പ്രതിപക്ഷ നേതാക്കൾ

തിരുവനന്തപുരം: ഇന്ധന വിലവർധനവിന്റെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നികുതി ഭീകരത നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വോക്കൗട്ട് നടത്തിയ ശേഷം നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
അധിക നികുതി വരുമാനത്തിൽ നിന്നും ഇന്ധന സബ്‌സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. യു.പി.എ സർക്കാരിന്റെ കാലത്ത് വിലനിർണയ അധികാരം (ഡീ റെഗുലേഷൻ) എണ്ണകമ്പനികൾക്ക് നൽകിയതാണ് വിലക്കയറ്റത്തിനു കാരണമെന്ന ന്യായവാദം ഉന്നയിക്കുന്ന സി.പി.എം മോദി സർക്കാരിനെ ന്യായീകരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോളും ഡീസലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഡീ റെഗുലേഷൻ നടപ്പാക്കിയത്. എന്നാൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ജനങ്ങളുടെ തലയിൽ വയ്ക്കുകയും കുറയുമ്പോൾ ആ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതി കൂട്ടുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. ഇന്ധന വില വർധനവിനെതിരെ എങ്ങനെ സമരം ചെയ്യണമെന്നു സി.പി.എം പഠിപ്പിക്കേണ്ട. നടൻ ജോജുവിന്റെ പ്രകടനം സി.പി.എം സമരത്തിനു നേരെയായിരുന്നെങ്കിൽ ഇന്ന് അനുശോചന യോഗം ചേരേണ്ടി വന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പെട്രോളിന്റെ വില നിയന്ത്രണാധികാരം മാത്രമാണ് യു.പി.എ സർക്കാർ എണ്ണക്കമ്പനികൾക്ക് നൽകിയത്. ഇന്ധന സബ്‌സിഡി ഇനത്തിൽ രണ്ടു ലക്ഷം കോടിയുടെ ബാധ്യത ഉണ്ടായതിനെ തുടർന്നായിരുന്നു തീരുമാനം. 2014 ൽ മോദി സർക്കാർ ഡീസലിന്റെ വില നിർണയവും കമ്പനികൾക്കു കൈമാറി. 2008 ൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 145 ഡോളറുണ്ടായിരുന്നപ്പോൾ പെട്രോളിന് 50 രൂപയും ഡീസലിന് 34 രൂപയുമായിരുന്നു വില. ഇന്ന് 82 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഡീറെഗുലേഷൻ അനുസരിച്ചാണെങ്കിൽ 30 രൂപയ്ക്ക് പെട്രോൾ ലഭിക്കണം. ഡീറഗുലേഷനിലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡീസലും പെട്രോളും ലഭിക്കുമായിരുന്നു. ഇതിനെയാണ് നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ജനങ്ങളുടെ തലയിൽ വയ്ക്കും. കുറയുമ്പോൾ ആ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതി കൂട്ടും. 2014 ൽ ബി.ജെ.പി അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ 9 രൂപയായിരുന്ന നികുതി 32 ശതമാനമായി വർധിപ്പിച്ചു. ഇത് നികുതി ഭീകരതയാണ്.

ഡീറെഗുലേഷൻ കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേനെ. ഡീറെഗുലേഷനാണ് പെട്രോൾ ഡീസൽ വില വർധനവിന് കാരണമെന്നു പ്രചരിപ്പിക്കുന്നവർ എൽ.പി.ജി സിലിണ്ടർ വില കുതിച്ചുയരുന്നത് എങ്ങനെയെന്നു വ്യക്തമാക്കണം. എൽ.പി.ജി വില തീരുമാനിക്കാനുള്ള അധികാരം ഇപ്പോഴും കേന്ദ്ര സർക്കാരിനു തന്നെയാണ്. 2020 ജൂൺ മുതൽ എൽ.പി.ജി സബ്‌സിഡി ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടുകളിൽ കിട്ടുന്നുണ്ടോ? കാര്യങ്ങൾ അറിയാതെയാണ് സി.പി.എം യു.പി.എയെ കുറ്റപ്പെടുത്തുന്നത്. ആറു വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം 300 ശതമാനമായാണ് കുതിച്ചുയർന്നത്. കേന്ദ്ര സർക്കാർ നികുതി വർധിപ്പിക്കുന്നതിന് അനുസരിച്ച് അധിക വരുമാനം സംസ്ഥാനത്തിനും ലഭിക്കും. ഈ അധിക വരുമാനം ഉപയോഗിച്ച് ഇന്ധന സബ്‌സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നു തവണ നികുതി വരുമാനം വേണ്ടെന്നു വച്ചിട്ടുണ്ട്. കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഇന്ധനവില വർധനവിനെതിരെ സി.പി.എം അഞ്ച് ഹർത്താലുകളാണ് നടത്തിയത്. ഇപ്പോൾ ഹർത്താലോ സമരമോ ഇല്ല. 10 കൊല്ലം കഴിയുമ്പോൾ നിങ്ങൾ ഇതൊക്കെ മറക്കുന്നത് എങ്ങനെയാണ്? അവിടെ നികുതി കൂട്ടുമ്പോൾ ഇവിടെയും വരുമാനം വർധിക്കുമെന്ന സന്തോഷത്തിലാണ് നിങ്ങൾ.

സ്‌കൂൾ കുട്ടികൾക്കു വേണ്ടി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടിസിയിൽ യാത്ര ചെയ്യാൻ ദിവസേന 157 രൂപ നൽകണം. അധിക നികുതി വരുമാനത്തിൽ നിന്നും ഇതിന് സബ്‌സിഡി നൽകിക്കൂടേ? കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് അധിക നികുതി വരുമാനത്തിൽ നിന്നും ഇന്ധന സബ്‌സിഡി നൽകാൻ സംസ്ഥാനം തയാറാകണം. കേന്ദ്ര സർക്കാർ നികുതി വർധിപ്പിക്കുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ഇന്ധന സബ്‌സിഡി പോലും നൽകാൻ തയാറാകാത്തവർ ഡീ റെഗുലേഷൻ നല്ലതാണെന്നെങ്കിലും സമ്മതിക്കണം.

എറണാകുളത്ത് സമാധാനപരമായാണ് സമരം നടത്തിയത്. ഞങ്ങളുടെ സമരം എന്തിനു വേണ്ടിയായിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തട്ടേ. രാജ്യത്തിനു കിട്ടിയ സ്വാതന്ത്ര്യം അട്ടിമറിക്കാൻ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിൻ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ച കൽക്കട്ടാ തീസിസ് മുതലുള്ള അക്രമപരമ്പരകൾ നടത്തിയ കമ്മ്യൂണിസ്റ്റു പാർട്ടികൾ എങ്ങനെ സമരം ചെയ്യണമെന്നു ഞങ്ങളെ പഠിപ്പിക്കേണ്ട. നടൻ ജോജുവിന്റെ പ്രകടനം സി.പി.എം സമരത്തിനു നേരെയായിരുന്നെങ്കിൽ ഇന്ന് അനുശോചനയോഗം ചേരേണ്ടി വന്നേനെ. ഞങ്ങൾ അയാളെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും അത്രയും സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് കോൺഗ്രസിന് സമരവുമായി മുന്നോട്ടു പോകേണ്ടി വന്നത്. അയാൾ ലക്കുകെട്ടാണ് വരുന്നതെന്ന് സമരക്കാരോട് പൊലീസുകാരാണ് പറഞ്ഞത്. അതേക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മോദി കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു. ജനരോഷത്തിൽ നിന്ന് സംഘപരിവാർ സർക്കാരിനെ രക്ഷിക്കാനുള്ള ക്വട്ടേഷൻ കേരളത്തിലെ ഇടതുപക്ഷം ഏറ്റെടുക്കരുത്. 2014ൽ 34 ശതമാനമായിരുന്നു നികുതി കൊടുക്കേണ്ടിവന്നിരുന്നതെങ്കിൽ ഇപ്പോൾ അറുപത് ശതമാനം നികുതിയാണ്. 36 ശതമാനം മാത്രമാണ് എണ്ണയുടെ അടിസ്ഥാന വില. ജനങ്ങൾ ഇത്രയും വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment