എസ്.എം.എ രോഗം ബാധിച്ച കുട്ടിയുടെ മരുന്ന് ഇറക്കുമതിയിൽ നികുതി ഇളവ് നൽകണം; എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ്വ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായ് ഇറക്കുമതി ചെയ്യേണ്ടുന്ന പതിനാറ് കോടി രൂപയോളം ചിലവ് വരുന്ന Zolgensma എന്ന single dose intravenous ഇഞ്ചക്ഷൻ ന്റെ ഇറക്കുമതി നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു.

സമാന രോഗം ബാധിച്ച ഹൈദരാബാദ് സ്വദേശികളായ യോഗേഷ് ഗുപ്തയുടെയും, റൂപാൽ ഗുപ്തയുടെയും മകനായ അയാൻഷ് ഗുപ്തക്ക് വേണ്ടി കഴിഞ്ഞമാസം ധനമന്ത്രാലയം മരുന്നിന്റെ ഇറക്കുമതി നികുതിയായ ആറുകോടിയോളം രൂപ ഒഴിവാക്കിയിരുന്ന കാര്യം കത്തിൽ ചൂണ്ടിക്കാട്ടി.

മുഹമ്മദിന്റെ ചികിൽസക്കായി സമാനമനസ്കരിൽ നിന്നും ചികിൽസാ ചിലവ് സമാഹരിച്ചത് പോലെയാണ് അയാൻഷ് ഗുപതയും ഇതിനായുള്ള ചിലവ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ മുഹമ്മദിനും മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അനുവദിക്കേണ്ടതുണ്ട്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് SMA രോഗം ബാധിച്ച് കേരളത്തിൽ നൂറ്റി പന്ത്രണ്ടോളം കുട്ടികളുണ്ട്. ഇതിൽ ബഹുഭൂരിപക്ഷം പേർക്കും മരുന്നിനും ചികിൽസാ ചിലവിനുമായി മാർഗ്ഗങ്ങളില്ലാത്തവരാണ്.

ഇതിൽ ഏതാനും കുട്ടികൾക്കായി ക്രൗഡ് ഫണ്ടിംഗ് രീതിയിൽ ചികിൽസാ ചിലവ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇവർക്കും മരുന്ന് ഇറക്കുമതിയിലെ തീരുവ ഒഴിവാക്കേണ്ടിയിരിക്കുന്നു.

ഇതോടനുബന്ധിച്ച് ഒരു റെയർ ഡിസീസസ് പോളിസി 2021 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും, മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളെ പറ്റി പ്രതിപാദിക്കുന്നില്ല. ഈ സാഹചര്യത്തിൽ അപര്യാപ്തമായ ഈ റെയർ ഡിസീസസ് പോളിസിയിൽ മരുന്നുകളുടെ ഇറക്കുമതി തീരുവ ഇളവ് പോലുള്ളവ ഉൾക്കൊള്ളിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭേതഗതി ചെയ്യണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ജി.ഡി.പി യിൽ ഇന്ത്യയേക്കാൾ പുറകിലുള്ള ഫിലിപീൻസ് പോലുള്ള രാജ്യങ്ങൾ പോലും ഇത്തരം വിഷയത്തിൽ പ്രത്യേക നിയമ നിർമ്മാണം നടത്തിയിട്ടുണ്ടെന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment