ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ തട്ടിപ്പ്; പ്രതി പിടിയില്‍


മലപ്പുറം (കുറ്റിപ്പുറം) : ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തിയ കേസില്‍ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റില്‍. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രധാനിയാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. സൊസൈറ്റിയുടെ മറവില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി ഒട്ടേറെപ്പേര്‍ പരാതി നല്‍കിയിരുന്നു. മഞ്ചേരി പന്തല്ലൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഹമ്മദ് റിയാസിനെ കുറ്റിപ്പുറം സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍നിന്ന് പിടികൂടിയത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അബ്ദുല്‍ നാസറില്‍നിന്ന് പ്രതി 1.62 ലക്ഷം രൂപ കൈക്കലാക്കി എന്നാണ് എന്നാണ് പരാതി. ‘കടബാധ്യതയുള്ളവര്‍ക്ക് പണം നല്‍കുന്നു’ എന്ന് സൊസൈറ്റികളുടെ ഓഫിസുകള്‍ക്ക് മുന്‍പില്‍ ബോര്‍ഡുകള്‍ വച്ചാണ് ആളുകളെ വശത്താക്കിയത്. ആദ്യം 1000 രൂപ അംഗത്വഫീസ് വാങ്ങും. പിന്നീട് സംഘടനയുടെ പ്രചാരകരാക്കും. നാട്ടിലെ സമ്പന്നരെ മുഹമ്മദ് റിയാസിന് പരിചയപ്പെടുത്തി നല്‍കുകയും സംഭാവന വാങ്ങിക്കൊടുക്കുകയും ചെയ്യണം. പല അംഗങ്ങളും പതിനായിരക്കണക്കിന് രൂപയാണ് പ്രതിയെ ഏല്‍പിച്ചതെന്നു പൊലീസ് പറഞ്ഞു.
3 ലക്ഷത്തോളം രൂപ കടമുള്ള കാളികാവിലെ സ്ത്രീ ഇത്തരത്തില്‍ പലയിടങ്ങളില്‍ നിന്നായി പിരിച്ച് 35,000 രൂപയിലേറെ ഇയാളെ ഏല്‍പ്പിച്ചതായി പറയുന്നു. 16 ലക്ഷം കടമുള്ള കാന്‍സര്‍ രോഗിക്ക് കടം വീട്ടാന്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 2 ലക്ഷത്തിലധികം രൂപ നല്‍കി. നൂറുകണക്കിന് ആളുകളുടെ കടം വീട്ടാനാണെന്ന വ്യാജേന രസീത് നല്‍കിയും ഇല്ലാതെയും ലക്ഷങ്ങള്‍ പിരിച്ചതായാണ് പരാതി. ആഴ്ചയില്‍ പതിനായിരം രൂപ പിരിക്കാത്തവരെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.ചങ്ങനാശേരിയില്‍ തുടങ്ങിയ സൊസൈറ്റി പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു.നിലമ്പൂര്‍, മണ്ണാര്‍ക്കാട്, ആലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലും ഓഫിസുകള്‍ ഉണ്ട്. പണം നല്‍കിയവര്‍ക്ക് ഒരുവര്‍ഷം പിന്നിട്ടിട്ടും കടം വീട്ടാനുള്ള സംവിധാനം ഒരുക്കാതായതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ പരാതിയുമായി എത്തിയത്. ആയിരക്കണക്കിനു പേര്‍ സൊസൈറ്റിയില്‍ ചേര്‍ന്നതായാണ് വിവരം. തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ പ്രതിയുടെ െ്രെഡവര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ഒട്ടേറെപ്പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് കുറ്റിപ്പുറം സിഐ പറഞ്ഞു.

Related posts

Leave a Comment