നാലര കോടിയുടെ തട്ടിപ്പ്: കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗം നേതാവിന്റെ വീട്ടില്‍ നിന്നും വ്യാജരേഖകള്‍ പിടിച്ചു


മലപ്പുറം: കൊല്ലത്ത് നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗം നേതാവ് ബിജു വാലടിയുടെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് നിരവധി വ്യാജരേഖകള്‍ പിടിച്ചെടുത്തു. ഇയാളുടെ വഴിക്കടവ് മൊടപ്പൊയ്കയിലുള്ള വീട്ടിലാണ് കൊല്ലം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മന്ത്രിയുടെ സെക്രട്ടറിയാണെന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയല്‍കാര്‍ഡും സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് എന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, മാര്‍ തെയോഫിലോസ് ഫൗണ്ടേഷന്റെ പേരിലുള്ള ലറ്റര്‍പാഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, ചെക്ക് ലീഫുകള്‍, ബിഷപ്പുമാരുടെ പേര് വെച്ചുള്ള ലറ്റര്‍പാഡുകള്‍ മുതലായവയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
കൊല്ലത്ത് സ്വകാര്യ സ്‌കൂളിന് എയ്ഡഡ് പദവി വാഗ്ദാനം നല്‍കി 4.5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മലപ്പുറം ജില്ലയിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അരീക്കോട്, ഊര്‍ങ്ങാട്ടിരി, പുല്‍പ്പറ്റ, വള്ളിക്കുന്ന്, മങ്കട, എടവണ്ണ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പേരും തട്ടിപ്പിനിരയായത്. ഗുണഭോക്തൃ വിഹിതം എന്ന പേരില്‍ 1 ലക്ഷം രൂപയാണ് ഗുണഭോക്താവില്‍ നിന്നും പണം ഇയാള്‍ തട്ടിയത്. ഗുണഭോക്താവ് ഒരു ലക്ഷം രൂപ മാര്‍ തെയോഫിലോസ് ഫൗണ്ടേഷനില്‍ നിക്ഷേപിക്കുമ്പോള്‍ ഹൗസിംഗ് ബോര്‍ഡിന്റെ 2 ലക്ഷം രൂപയും മാര്‍ തെയോഫിലോസ് ഫൗണ്ടേഷന്‍ വക 1 ലക്ഷം രൂപയും അടക്കം 4 ലക്ഷം രൂപ തിരിച്ചു കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇത് പ്രതീക്ഷിച്ച് ആണ് ഒട്ടേറെ പേര്‍ മാര്‍ തെയോഫിലോസ് ഫൗണ്ടേഷന്റെ പേരില്‍ ഒരു ലക്ഷം രൂപ നല്‍കിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും സഹായധനം കിട്ടാതെ വന്നപ്പോള്‍ ബഹളമുണ്ടാക്കിയ ഗുണഭോക്താക്കളില്‍ ചിലര്‍ക്ക് മധ്യസ്ഥര്‍ മുഖേന ഇയാള്‍ ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ ചെക്കുകള്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെ ബന്ധപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കൊല്ലത്തെ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. ഫൗണ്ടേഷന്റെ പേരില്‍ ഇയാള്‍ പഞ്ചായത്തുകള്‍ക്ക് അയച്ച കത്തുകളുടെ പകര്‍പ്പ് റെയ്ഡില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഫൗണ്ടേഷന്റെ പേരിലും സ്വന്തം പേരിലും ഇയാള്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനും കസ്റ്റഡിയില്‍ എടുക്കാന്‍ ക്രാംബ്രാഞ്ച് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച കോടതി അവധി ആയതിനാലാണ് അപേക്ഷ ഇന്നലെ നല്‍കേണ്ടിവന്നത്.
കേരള കോണ്‍ഗ്രസ് നേതാവായതിനാല്‍ ഇയാള്‍ക്ക് പിണറായി സര്‍ക്കാറുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമുണ്ടോ എന്നതും അന്വേഷണവിധേയമാക്കേണ്ടതാണ്.

Related posts

Leave a Comment