ടാറ്റ ‘പഞ്ച്’ ഒക്‌ടോബർ നാലിന് അവതരിപ്പിക്കും

മിനി എസ്‌‍യുവി ശ്രേണിയിലുള്ള ടാറ്റ മോട്ടോഴ്‍സ് ‘പഞ്ച്’ ഒക്ടോബര്‍ നാലിന് വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. മിനി എസ്‌യുവിക്ക് അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാകും എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് നിർമിച്ച ആൽഫ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ വാഹനത്തിന്റേയും നിർമാണം.

ഇന്ത്യൻ നിരത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും പഞ്ച് എന്ന്​ ടാറ്റ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഏത് തരത്തിലുള്ള സുരക്ഷാ സാങ്കേതികവിദ്യ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിൽ ലഭിച്ചേക്കും എന്നാണ് സൂചന.

തുടക്കത്തിൽ പഞ്ചിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല. മാരുതി സുസുകി ഇഗ്നിസ്, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ,മഹീന്ദ്ര KUV നിസ്റ്, റെനോ ക്വിഡ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

Related posts

Leave a Comment