‘ഒന്നുകൊണ്ടും പേടിക്കേണ്ട, ആറ്​ മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ കൈളിലെത്തുന്നതോടെ മൊത്തം നിയന്ത്രണം ഞങ്ങള്‍ക്കായിരിക്കും’ ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി തമിഴ്​നാട്​ ഘടകം അധ്യക്ഷന്‍

ചെന്നൈ: ആറ്​ മാസത്തിനുള്ളില്‍ മാധ്യമങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളിലെത്തുമെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി തമിഴ്​നാട്​ ഘടകം അധ്യക്ഷന്‍ അണ്ണാമ​ലൈ.

‘ഒന്നുകൊണ്ടും പേടിക്കേണ്ട, ആറ്​ മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ കൈളിലെത്തുന്നതോടെ മൊത്തം നിയന്ത്രണം ഞങ്ങള്‍ക്കായിരിക്കും. ഒരു മാധ്യമത്തിനും എല്ലാഴ്​പ്പോയും വ്യാജവാര്‍ത്ത നല്‍കാനാവില്ല. ബി.ജെ.പി മുന്‍ സംസ്​ഥാന അധ്യക്ഷന്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ മന്ത്രിയാണ്​. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കീഴിലാണ്​. തുടര്‍ച്ചയായി പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല. അതില്‍ നിങ്ങള്‍ക്ക്​ രാഷ്​ട്രീയം കളിക്കാനാകില്ല’ -അണ്ണാമലൈ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ സഹമന്ത്രി സ്​ഥാനം ലഭിച്ച മുന്‍ തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുഗനെ കുറിച്ചായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം​. പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനായി അണ്ണാമലൈ കോയമ്ബത്തൂരില്‍ നിന്ന്​ റോഡ്​ മാര്‍ഗം ചെന്നൈ വരെ യാത്ര ചെയ്​ത സംഭവം വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ കാരണമായിരുന്നു. ഇത്​ വലിയ വാര്‍ത്തയായിരുന്നു.

ഇതോടെയാണ്​ ഒരു വിഡിയോയില്‍ അണ്ണാമലൈ മാധ്യമങ്ങള്‍ ആറ്​ മാസത്തിനുള്ളില്‍ തങ്ങളുടെ നിയന്ത്രണത്തിന്​ കീഴിലാകുമെന്ന്​ പറഞ്ഞത്​. മുന്‍ ഐ.പി.എസ്​ ഉദ്യോഗസ്​ഥന്‍ കൂടിയായ അണ്ണാമലൈയുടെ പരാമര്‍ശം വിവാദമായി.

Related posts

Leave a Comment