ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി

കാബൂള്‍: ഇന്ത്യയ്ക്ക് ഭീഷണിയുമായി താലിബാന്‍. ഇന്ത്യയുടെ ഒരു വിഷയത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ താലിബാന്‍, പക്ഷേ, സൈനികമായി ഇടപെട്ടാല്‍ ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി. ഖത്തറിലെ ദോഹയില്‍ താലിബാനുമായി നിരവധി രാജ്യങ്ങള്‍ സമാധാന ചര്‍ച്ച നടത്തുകയാണ്. ഇന്ത്യയും ഇതില്‍ പങ്കാളിയാണ് എന്നാണ് വിവരം. വെള്ളിയാഴ്ചയും ചര്‍ച്ചകള്‍ നടന്നു. സമാധാന അഫ്ഗാന്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍. വിദേശ സൈന്യം രാജ്യം വിടുകയും അമേരിക്ക നിയോഗിച്ച ഭരണകൂടം പുറത്താക്കപ്പെടുകയും വേണമെന്നാണ് താലിബാന്റെ നിലപാട്.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇന്ത്യയുമായി ബന്ധപ്പെട്ട താലിബാന്‍ നേതാവിന്റെ പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിലെ വിദേശ രാജ്യങ്ങളിലെ എംബസികളെയോ കാര്യാലയങ്ങളെയോ തങ്ങള്‍ തൊടില്ലെന്ന് താലിബാന്‍ നേതാവ് മുഹമ്മദ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി. അനാവശ്യമായ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.അഫ്ഗാന്റെ മണ്ണ് വിദേശ രാജ്യങ്ങള്‍ക്കെതിരെ ഒരു സംഘത്തെയും സഹായിക്കില്ല. അയല്‍ രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ തങ്ങള്‍ വെറുതെ വിടില്ല. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടല്‍ തങ്ങളുടെ നയമല്ല. ഇക്കാര്യം നേരത്തെ പലതവണ വ്യക്തമാക്കിയതാണ്. എംബസികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തങ്ങള്‍ ആക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.സല്‍മ ഡാമിന് താലിബാന്‍ ഭീഷണി സൃഷ്ടിച്ചേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇന്ത്യ അഫ്ഗാന്‍ സൗഹൃദ അണക്കെട്ട് എന്നാണ് സല്‍മ ഡാം അറിയപ്പെടുന്നത്. അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയിലാണ് ഈ ഡാം. 2016ല്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് ഈ ഡാം ഉദ്ഘാടനം ചെയ്തത്.അഫ്ഗാനിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ് ഹെറാത്ത് സിറ്റി. ഈ നഗരം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഇതോടെയാണ് സല്‍മ ഡാം തകര്‍ക്കുമോ എന്ന ആശങ്ക പരന്നത്. വിദേശ നിര്‍മിതകളേയോ ഉദ്യോഗസ്ഥരെയോ തങ്ങള്‍ ആക്രമിക്കില്ലെന്ന് താലിബാന്‍ വക്താവ് പറയുന്നു. എന്നാല്‍ സൈനികമായ ഇടപെടല്‍ കാര്യങ്ങള്‍ ഗുരുതരമാക്കുമെന്നും ഷഹീന്‍ പറഞ്ഞു.

Related posts

Leave a Comment