ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാന്‍‍

കാബൂൾ : ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാൻ തടസ്സപ്പെടുത്തി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനാണ് (എഫ്‌ഐഇഒ) ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും അഫ്ഗാനും തമ്മിൽ നിലനിന്നിരുന്ന വർഷങ്ങളായുള്ള വ്യാപാര ബന്ധമാണ് ഇല്ലാതായത്.അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരു രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനിലൂടെയാണ് അഫ്ഗാനിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. പാക്കിസ്ഥാൻ വഴിയുള്ള ചരക്ക് നീക്കം താലിബാൻ ഇപ്പോൾ തടസ്സപ്പെടുത്തിയിരിക്കുകയാണ്.400 ഓളം വ്യത്യസ്ത പദ്ധതികളാണ് അഫ്ഗാനിൽ ഉണ്ടായിരുന്നത്. അതിൽ ചിലതെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ അഫ്ഗാനിലേക്കുള്ള ഇറക്കുമതിയെല്ലാം നിലച്ചിരിക്കുകയാണെന്നും എഫ്‌ഐഇഒ ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം മൂന്ന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ളത്. 2021ൽ മാത്രം ഏകദേശം 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യയും അഫ്ഗാനും നടത്തിയിട്ടുണ്ട്.ഇന്ത്യയിൽ നിന്നും പ്രധാനമായും പഞ്ചസാര, തേയില, കാപ്പി, സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയവയാണ് അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. അഫ്ഗാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സും ഇന്ത്യയിലേക്ക് എത്തിക്കും. പ്രതിവർഷം 3305 ലക്ഷം ഡോളറിന്റെ വ്യാപരമാണ് ഇന്ത്യ അഫ്ഗാനുമായി നടത്തുന്നത്.അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കൻ നേതൃത്വവുമായി അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കൽ സാധ്യതകളും സംബന്ധിച്ച്‌ ചർച്ച ചെയ്തു. അതേസമയം അഫ്ഗാൻ സ്വാതന്ത്ര്യ ദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദൽഹിയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കി.

Related posts

Leave a Comment