താലിബാൻ അനുകൂലികൾ കടക്ക് പുറത്ത് ; നടപടിയുമായി ഫേസ്ബുക്ക്

കാബൂൾ: താലിബാന് കനത്ത തിരിച്ചടി നൽകി ഫേസ്ബുക്ക്. താലിബാനെ അനുകൂലിക്കുന്ന എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും ഉടനടി മരവിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം. താലിബാൻ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും തീവ്രവാദ സംഘടനയിലേക്ക് പുതിയ ആൾക്കാരെ ആകർഷിക്കുന്നതിനു വേണ്ടിയും ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാദ്ധ്യമങ്ങളെയാണ്.

അമേരിക്കൻ നിയമം അനുസരിച്ച്‌ താലിബാനെ ഒരു ഭീകരസംഘടനയായാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. ഇതിനാലാണ് താലിബാനുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. താലിബാനെ എതെങ്കിലും വിധത്തിൽ അനുകൂലിക്കുന്നവരുടെ അക്കൗണ്ടുകളും ഉടനെ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് പ്രതിനിധി ബി ബി സിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തുന്നതിനു വേണ്ടി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായി ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു.

എന്നാൽ താലിബാൻ ഫേസ്ബുക്ക് കൂടാതെ വാട്ട്സ്‌ആപ്പും സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇതിനെ നിയന്ത്രിക്കാനും ഉടനടി മാർഗം കണ്ടെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Related posts

Leave a Comment