ടി.ഓ ബാവ –
‘കൃത്യനിഷ്ഠയും അടുക്കും ചിട്ടയും
ഞങ്ങളെ പഠിപ്പിച്ച വെല്ലിപ്പ ‘

ജെബി മേത്തര്‍
(ആലുവ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍)

രാവിലെ 8 മണിക്ക് എല്ലാവരും പുറപ്പെടണം എന്ന് വെല്ലിപ്പ പറഞ്ഞാല്‍, 7:59 ന് വെല്ലിപ്പ പുറപ്പെടാന്‍ തയ്യാറായി ഉമ്മറത്തുണ്ടാവും. കൂടെ ഞങ്ങളും ഉണ്ടായിരിക്കണം. അതായിരുന്നു രീതി. സമയത്തിന്റെ വില നല്ലവണ്ണം അറിയുന്നതു കൊണ്ടാവാം കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വെല്ലിപ്പ കണിശക്കാരനായിരുന്നു. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ഇളവുമുണ്ടായിരുന്നില്ല.
അതേപോലെ തന്നെ കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രത കാത്തുസൂക്ഷിക്കാന്‍, നിലനിര്‍ത്താന്‍, ദിനേന ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കണം; എല്ലാ നേരവും നിസ്‌കാരവും അങ്ങനെ തന്നെ. ഇമാമായി വെല്ലിപ്പ നില്‍ക്കും; ഞങ്ങള്‍ എല്ലാവരും പിന്നില്‍ അണി നിരക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പറ്റുപോലും ആരും ബാക്കിയാക്കരുതെന്നും വെല്ലിപ്പക്ക് നിര്‍ബന്ധമായിരുന്നു.
ഒരു ദിവസം രാവിലെ ഞാന്‍ വെല്ലിപ്പാടെ പറമ്പില്‍ ഊഞ്ഞാലാടി കളിച്ചു കൊണ്ടിരിക്കെയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വെല്ലിപ്പ അങ്ങോട്ട് വന്നിട്ട് എന്നോട് ചോദിച്ചു. ‘മേശപ്പുറത്തിരിക്കുന്ന ചായ ജെബിയുടെതാണെന്ന് പറഞ്ഞല്ലോ. എന്താ കുടിക്കാത്തത് ?’ ഞാന്‍ മറുപടി പറഞ്ഞു. ‘എനിക്ക് ചായ വേണ്ട.’ വെല്ലിപ്പാടെ മറുപടി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ‘ഒരു ഭക്ഷണവും വേസ്റ്റ് ആക്കാന്‍ പാടില്ല. ആവശ്യമില്ലെങ്കില്‍ ആദ്യമേ വേണ്ടയെന്ന് അറിയിക്കണം. ജെബിക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയതെങ്കില്‍ അത് ജെബി കഴിക്കണം.’
എനിക്ക് വേണ്ട എന്ന് പറഞ്ഞ എന്നെക്കൊണ്ട് അത് കുടിപ്പിച്ചിട്ടേ വെല്ലിപ്പ പിന്‍വാങ്ങിയുള്ളു. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കോടി കണക്കിന് ആളുകളുള്ള നാടനാണെന്നറിയുന്നത് കൊണ്ടാവാം ഓരോ പറ്റിന്റെയും വില മനസിലാക്കിപ്പിച്ച് കൊണ്ട് ഞങ്ങളില്‍ ഭക്ഷണം വേസ്റ്റാക്കരുത് എന്ന നല്ല ശീലം വളര്‍ത്തിയെടുത്തത് .
ഇപ്പോഴും എന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കള്‍ തമാശക്ക് പറയും… പാവം പ്ലേറ്റ്/ഇല കണ്ടില്ലേ; ഒരു പറ്റ് പോലും ബാക്കിയില്ല. വിശപ്പിന്റെ വില അറിഞ്ഞ ബാല്യമായത് കൊണ്ടായിരിക്കും. അവര്‍ക്കറിയില്ലല്ലോ വെല്ലിപ്പ പഠിപ്പിച്ച ബാല പാഠങ്ങളില്‍ ഒന്നായിരുന്നു അതെന്ന്.
ഉല്ലാസയാത്രകളിലുമുണ്ടായിരുന്നു മിതത്വത്തിന്റെയും ലാളിത്വത്തിന്റെയും പാഠങ്ങള്‍. ഞങ്ങള്‍ പേരക്കുട്ടികളെ മാത്രം കൂട്ടി വെല്ലിപ്പായും വെല്ലിമ്മയും യാത്രക്ക് പോകുമായിരുന്നു. ഊട്ടി, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിങ്ങനെ പല സ്ഥലങ്ങളിലും. തന്റെ ജീവിതത്തില്‍ മിതത്വവും ലാളിത്വവും ഉടനീളം പാലിച്ച ഒരു വ്യക്തി ആയത് കൊണ്ടാവാം ഈ യാത്രകളിലെല്ലാം ലാളിത്വവും മിതത്വവും പാലിക്കാനും അത് ഞങ്ങളിലേക്ക് പകര്‍ത്താനും വെല്ലിപ്പ എന്നും ശ്രമിച്ചിരുന്നു. അത് ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും താമസത്തിന്റെ കാര്യത്തിലാണെങ്കിലും എല്ലാ യാത്രകളിലും പ്രകടമായിരുന്നു.
പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്പുനാട് അഥവാ ബാവപ്പടി എന്ന് അറിയപ്പെടുന്ന ആ പ്രദേശത്ത് വെല്ലിപ്പാടെ വീട്ടില്‍ മാത്രമേ ടിവി ഉണ്ടായിരുന്നുള്ളു. പക്ഷെ ആ ഒരു ടിവി ആ പ്രദേശത്തെ മുഴുവന്‍ ആളുകളുടെ കൂടി ആയിരുന്നു. ദൂരദര്‍ശനില്‍ വിശേഷ ദിവസങ്ങളിലെ പരിപാടികളോ മലയാള സിനിമയോ ചിത്രഗീതമോ ഉള്ള സമയങ്ങളിലൊക്കെ ടിവി വീടിന് മുന്‍ വശത്തെ വരാന്തയില്‍ വെച്ച് മുറ്റത്തിരുന്ന് ഒരുപാട് ആളുകള്‍ക്ക് ടിവി കാണാന്‍ പറ്റുന്ന രീതിയില്‍ സെറ്റ് ചെയ്യും. വെല്ലിപ്പയും, ഞങ്ങളും ഒപ്പം ആ പ്രദേശത്തെ നാട്ടുകാരും കുട്ടികളും ഒരുമിച്ചിരുന്ന് ഒരു കുടുംബം പോലെ ടി വി കാണും. ഒരുമിച്ച് ആസ്വദിക്കും. സോഷ്യലിസം എന്ന വാക്കോ അതിന്റെ അര്‍ത്ഥമോ അറിയാത്ത ആ കുട്ടിക്കാലത്ത് , ഒരു കാര്യം അന്നേ മനസ്സിലായി. വെല്ലിപ്പാക്കുള്ള സൗകര്യങ്ങള്‍ ആ നാട്ടുകാര്‍ക്ക് കൂടി പങ്ക് വെക്കാനുള്ള ഒരു മനസ്സുണ്ടെന്ന്. സ്വയം ആസ്വദിക്കുക മാത്രമല്ല; മറ്റുള്ളവര്‍ക്കും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കി മറ്റുള്ളവര്‍ ആസ്വദിക്കുന്നത് കണ്ട് സന്തോഷം കണ്ടെത്താനുള്ള മനസ്സ് വെല്ലിപ്പാക്കുണ്ടായിരുന്നു.
ഒരു ഓര്‍മ്മ കൂടി പങ്ക് വച്ച് അവസാനിപ്പിക്കാം. ഞാന്‍ കുടുംബത്തിലെ ഏറ്റവും ഇളയ പേരക്കുട്ടി ആയതുകൊണ്ട് തന്നെ പലപ്പോഴും എന്നേക്കാള്‍ മുതിര്‍ന്ന സഹോദരങ്ങളായ കളിക്കൂട്ടുകാര്‍ക്കൊപ്പം കളിക്കൊടുവില്‍ എന്റെ കരച്ചിലില്‍ കലാശിക്കുന്ന സ്ഥിതിയായിരുന്നു മിക്കപ്പോഴും. പക്ഷെ ഒരു ദിവസം കരച്ചില്‍ കൊണ്ട് അവസാനിച്ചില്ല; കളിക്കൂട്ടുകാരായ സഹോദരങ്ങളുമായി പിണങ്ങി എന്റെ ബാഗുമെടുത്ത് ഞാന്‍ എന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു തറവാട്ടില്‍ നിന്നിറങ്ങി റോഡിലേക്ക് നടന്നു. ഒരു 7 വയസ്സുകാരിയുടെ പ്രതിഷേധം. എല്ലാവരും അതായത് ഞാന്‍ പിണങ്ങാന്‍ കാരണമായ എന്റെ സഹോദരങ്ങളും കളിക്കൂട്ടുകാരും വീട്ടുകാരും ആ പ്രദേശത്തെ ചില കൂട്ടുകാരും നാട്ടുകാരുമൊക്കെയായി ഒരു മുപ്പതോളം ആളുകള്‍ എന്റെ പുറകെ വന്നു. ആ കൂട്ടത്തില്‍ വെല്ലിപ്പായും ഉണ്ടായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ ആ ഏഴു വയസ്സുകാരി പ്രതിഷേധ പ്രകടനമായി റോഡിലൂടെ നടന്നപ്പോള്‍ വേണമെങ്കില്‍ ശബ്ദമൊന്നുയര്‍ത്തിയോ ശകാരിച്ചോ ഒരു വടിയെടുത്ത് അടിച്ചോ ആ റോട്ടിലേക്ക് ഞാന്‍ ഇറങ്ങിയപ്പോള്‍ തന്നെ വീട്ടിലേക്ക് തിരിച്ച് കയറ്റിക്കാമായിരുന്നു. പക്ഷെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചു പദയാത്ര നടത്തിയ ഒരു മുന്‍ കെപിസിസി പ്രസിഡന്റായ ടി.ഓ ബാവ എങ്ങനെ തന്റെ 7 വയസ്സുള്ള പേരക്കുട്ടിയുടെ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമര്‍ത്തും. ജനാധിപത്യ ബോധമുള്ള അദ്ദേഹത്തിന് അതിന് കഴിയില്ലല്ലോ. അതുകൊണ്ടാവും അദ്ദേഹവും ഒന്നര കിലോമീറ്റര്‍ നടന്നതിന് ശേഷം സമന്വയത്തിന്റെ പാതയില്‍ ആ 7 വയസ്സുകാരിയെ സമാധാനിപ്പിച്ച് തിരികെ തറവാട്ടിലേക്കു കൊണ്ടുവന്നത്.

Related posts

Leave a Comment