സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മറ്റുളളവരുമായി സംഘം ചേർന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതൽ തടങ്കലിലാക്കിയതെന്ന് ഹർജിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്പെഷ്യൽ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യുറോ ഡയറക്ടർ ജനറൽ, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിലും ഇടപെടാൻ കോടതികൾ വിസമ്മതിച്ച കാര്യം ഹർജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.ടി. റമീസിന്റെ കരുതൽ തടങ്കലിന് എതിരെ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു. മറ്റ് പ്രതികൾക്കെതിരെയും സമാനമായ രേഖകളും തെളിവുകളുമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രത്തിന്റെ ഹർജിയിൽ പറയുന്നു. തടങ്കൽ കാലാവധി കഴിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഹൈക്കോടതി സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയത്. വിവിധ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്‌ന ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു.

Related posts

Leave a Comment