സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ എവര്‍ ഗിവണിന് മോചനം

കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങി ഏഴ് ദിവസത്തോളം കനാലിലെ ഗതാഗതം താറുമാറാക്കിയ എവർ ഗിവൺ കണ്ടെയ്‌നർ കപ്പൽ നടപടിക്രമങ്ങൾക്ക് ശേഷം വിട്ടു നൽകി. നഷ്ടപരിഹാരത്തെ സംബന്ധിച്ച്‌ മൂന്ന് മാസം നീണ്ടുനിന്ന വിലപേശലിനൊടുവിലാണ് കനാൽ അതോറിറ്റിയും കപ്പലിന്റെ ഉടമസ്ഥരായ ജപ്പാൻ കമ്പനിയും കരാർ അംഗീകരിച്ച്‌ കപ്പലിനെ മോചിപ്പിച്ചത്.

ഇസ്‌മൈലിയയിൽ നടന്ന ചടങ്ങിലാണ് കരാർ ഒപ്പിട്ടത്. തുടർന്ന് കപ്പൽ മെഡിറ്ററേനിയൻ കടലിലേക്ക് യാത്ര തിരിച്ചു. മാർച്ചിലാണ് സൂയസ് കനാലിൽ കൂറ്റൻ കപ്പൽ കുറുകെ കുടുങ്ങിയത്. കപ്പൽ കുടുങ്ങിയതോടെ കനാൽ വഴിയുള്ള ചരക്ക് നീക്കം പൂർണമായി നിലച്ചു. നൂറുകണക്കിന് കപ്പലുകളാണ് സംഭവത്തെ തുടർന്ന് ബുദ്ധിമുട്ടിയത്.

ചരക്കുനീക്കം നിലച്ചതോടെ മറ്റ് പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഏഴ് ദിവസത്തിന് ശേഷമാണ് കപ്പൽ നീക്കിയത്. തുടർന്ന് 100 കോടി ഡോളർ നഷ്ടപരിഹാരം കനാൽ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സംബന്ധിച്ച തർക്കം നീണ്ടതോടെ കപ്പലിന്റെ മോചനം മൂന്ന് മാസം നീണ്ടു.

Related posts

Leave a Comment