മുല്ലപ്പെരിയാറിൽ നിന്ന് 7140 ഘനയടി വെള്ളം പുറത്തേക്ക്, പെരിയാർ കരകവിയുന്നു

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒൻപത് ഷട്ടറുകൾ ഇന്നു രാവിലെ തുറന്നു. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി, ലോവർ പെരിയാർ പ്രദേശത്ത് പെരിയാർ കവിഞ്ഞൊഴുകുകയാണ്. പല വീടുകളിലും വെള്ളം കയറി. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിനെതിരേ കേരളം ഇന്നു സുപ്രീം കോടതിയിൽ ഹർജി നൽകും. സംസ്ഥാന മന്ത്രിസഭയും ഇന്ന് ചര്ച്ച ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കിവിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ഡീൻ കുര്യാക്കോസ് എംപി നയിച്ച ഉപവാസ സമരം സർക്കാരിന്റെയും തമിഴ്നാടിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണ്. എന്നാൽ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

Related posts

Leave a Comment