ട്രെയിന്‍ തട്ടി മരിച്ചയാളുടെ ഫോണ്‍ സ്വന്തമാക്കി; എസ്ഐക്ക് സസ്പെന്‍ഷന്‍

കൊല്ലം: ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്‍റെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫോൺ യുവാവിന്‍റെ ബന്ധുക്കൾക്ക് കൈമാറാതെ ഔദ്യോഗിക സിംകാർഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഏതാനും മാസം മുൻപു തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് നടപടി.

നിലവില്‍ ചാത്തന്നൂര്‍ എസ്ഐയാണ് ജ്യോതി സുധാകർ. ഉദ്യോഗസ്ഥനിൽ നിന്ന് ഫോൺ പിടിച്ചെടുത്തു. യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയർന്നതോടെ ഫോൺ കോളുകളുടെ വിവരങ്ങൾ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related posts

Leave a Comment