പിഴ അടിച്ചു മാറ്റിയ പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളെ പെറ്റിയടിച്ച് കൊല്ലുന്ന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, തിരുവനന്തപുരത്ത് പിഴയീടാക്കിയ പണം അടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പിതൃതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രത്തിലേക്കുപോയ അമ്മയെയും മകനെയും ശ്രീകാര്യം പൊലീസ് തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയശേഷം 500 രൂപയുടെ രസീത് നൽകിയ സംഭവത്തിലാണ് സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ സസ്പെൻഡ് ചെയ്തത്. സിഐയ്ക്കെതിരെ അന്വേഷണം നടത്തും.
ശ്രീകാര്യം വെഞ്ചാവോട് ശബരിനഗറിലെ നവീനെയും (19) അമ്മയെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്. കർക്കടവാവ് പിതൃതർപ്പണം നടത്താൻ ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബുക്കു ചെയ്തിരുന്നു. ബലിയിടാനായി നവീൻ അമ്മയോടൊപ്പം ശ്രീകാര്യം മാർക്കറ്റിനു സമീപം എത്തിയപ്പോൾ പൊലീസ് നവീന്റെ കാർ തടഞ്ഞു. ബലിയിടാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ ബലിയിടേണ്ടെന്നും തിരിച്ചു പോകാനും നിർദേശിച്ചു. കാർ പിന്നിലേക്കെടുത്തപ്പോൾ പൊലീസുകാരനെത്തി 2000 രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടു. അമ്മയെയും മകനെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടുപോയി 2000 രൂപ വാങ്ങിയശേഷം 500 രൂപയുടെ രസീത് നൽകുകയായിരുന്നു. തുടർന്നാണ് നവീൻ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. എന്നാൽ, ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ പരമാവധി പിഴ 2000 ആണെന്നും രസീതിൽ തുക എഴുതിയപ്പോൾ തെറ്റിയതാണെന്നുമായിരുന്നു പൊലീസ് വിശദീകരണം.

Related posts

Leave a Comment