സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍

തൃശ്ശൂര്‍: സാമൂഹിക സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായി ലയണ്‍സ് ക്ലബ്ബ് 318 ഡിയുടെ ഡിസ്ട്രിക്റ്റ് ഗവര്‍ണറായി മണപ്പുറം ഗ്രൂപ്പ്‌ കോ-പ്രൊമോട്ടർ സുഷമ നന്ദകുമാറിനെ തെരഞ്ഞെടുത്തു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി കാലങ്ങളിലും മറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായ സേവനങ്ങള്‍ക്കുളള അംഗീകാരമാണ് ഈ നേട്ടം.

1980കളില്‍ അധ്യാപിക ആയാണ് സുഷമ നന്ദകുമാര്‍ പൊതുസേവന രംഗത്തെത്തിയത്. 2014-15 വര്‍ഷങ്ങളില്‍ തൃപ്രയാര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായി തുടക്കമിട്ട സുഷമ നന്ദകുമാര്‍ 2015-16 കാലയളവില്‍ ലയണ്‍സ് ഫോറം ഡിസ്ട്രിക്റ്റ് പ്രസിഡന്റായും, 2016-17 വര്‍ഷങ്ങളില്‍ സോണ്‍ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. 2019- 20 കാലഘട്ടത്തില്‍ ഡിസ്ട്രിക്റ്റ് 318ഡിയുടെ ലീഡര്‍ഷിപ്പ് ചെയര്‍പേഴ്സണായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ കാലഘട്ടങ്ങളില്‍ നടപ്പാക്കിയ ഷീ കാന്‍, അതിജീവനത്തിന്റെ അന്നം തുടങ്ങിയ സ്ത്രീശാസ്തീകരണ- സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

പഠനാവശ്യങ്ങള്‍ക്ക് വൈദ്യുതിയില്ലാതെ പ്രയാസം നേരിടുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സോളാര്‍ വൈദ്യുതി സംവിധാനം ഒരുക്കി നല്‍കിയ ‘ലൈറ്റ് ഓഫ് ലൗ’ പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് സെന്ററുകള്‍ ഒരുക്കുകയും, പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നൂറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. കോവിഡ് അതിജീവനത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാമവര്‍മ്മപുരം പോലീസ് ക്യാമ്പിലും ഐസോലേഷന്‍ വാര്‍ഡ് ഒരുക്കിയതും കണ്ണൂര്‍ എയര്‍പോര്‍ട്ട്, കണ്ണൂര്‍, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് തെര്‍മല്‍ ഗേറ്റ് സ്ഥാപിച്ചതും സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു.

ഏഴോളം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനുകളിലും ശ്രീലങ്ക, ബംഗ്ലാദേശ്, ദുബായ്, ചെന്നൈ എന്നിവിടങ്ങളല്‍ നടന്ന ഇസാമി ലീഡര്‍ഷിപ്പിലും പങ്കെടുത്ത സുഷമ നന്ദകുമാര്‍ മണപ്പുറം ഫിനാന്‍സസ് എംഡിയും ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ വി.പി നന്ദകുമാറിന്റെ പത്നിയാണ് . ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലില്‍ സെക്കന്റ് സെഞ്ചറി അംബാസിഡര്‍ പദവി അലങ്കരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക ദമ്പതികളെന്ന് സവിശേഷത കൂടി ഇവര്‍ക്കുണ്ട്.

Related posts

Leave a Comment