കല്ലു പിഴാൻ വരുന്നവരുടെ പല്ല് കാണില്ലെന്നു വീമ്പിളക്കിയ ജയരാജന്റെ മൂക്കിനു മുന്നിൽ കെ റെയിൽ കല്ല് പിഴുത് റീത്ത് വച്ചു

കണ്ണൂർ: കല്ലു പിഴാൻ വരുന്നവരുടെ പല്ല് കാണില്ലെന്നു വീമ്പിളക്കിയ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ മൂക്കിനു മുന്നിൽ കെ റെയിൽ പദ്ധതിയുടെ സർവേ കല്ല് പിഴുത് റീത്ത് വച്ചു. കണ്ണൂർ മാടായിപ്പാറയിലാണ് അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റിയത്. എട്ട് കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചു. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു.

സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇതിനിടെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതിൽ നിലപാട് അറിയിക്കാൻ കെ റെയിൽ കമ്പനിക്ക് നിർദ്ദേശവും നൽകിയിരുന്നു.

സിൽവർ ലൈനിനായി 2832 കല്ലുകൾ സ്ഥാപിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂൺ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച സിൽവർ ലൈൻ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സർവ്വേ കല്ലുകൾ പിഴുതുമാറ്റപ്പെട്ടത്. പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത് വലിയ വിവാദമായിരുന്നു. പണി തുടങ്ങി എന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.
ഇതിനു പിന്നാലെയാണ് കല്ലുപിഴുതാൽ പല്ല് അടിച്ചിടുമെന്ന ജയരാജന്റെ വീരവാദം വന്നത്. സിൽവർ ലൈൻ പദ്ധതിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം കനക്കുകയാണ്. പ്രമുഖ പരിസ്ഥിതി വിപ്ലവകാരി മേധാ പട്ക്കർ അടക്കമുള്ളവർ പദ്ധതിക്കെതിരേ രം​ഗത്തു വന്നിട്ടുണ്ട്.

Related posts

Leave a Comment