സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും, പണം കൈമാറിയതിനു തെളിവ്

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ കെ സുരേന്ദ്രന്‍ നല്‍കിയ മൊഴികള്‍ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. മറ്റൊരു കേസില്‍ കൊടകരയിലെ കുഴല്‍പ്പണക്കേസിലടക്കമുള്ള ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍ നല്‍കുന്ന മൊഴികളെല്ലാം കളവാണെന്നാണ് ഇതുവരെയുള്ള നിഗമനം. കേസുമായി ബന്ധപ്പെട്ട് പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്‍റെ മൊഴിയും തെറ്റാണ്. നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോണ്‍ സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

ആവശ്യമെങ്കില്‍ സുരേന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്‍റെ നീക്കം. സുന്ദരയ്യക്കു പണം നല്‍കിയത് സുരേന്ദ്രന്‍റെ അറിവോടെയും ആവശ്യപ്രകാരവുമായിരുന്നു എന്നതിനു ബിജെപി പ്രവര്‍ത്തകരില്‍ നിന്നു തന്നെ തെളിവ് ലഭിച്ചിട്ടുണ്ട്.

Related posts

Leave a Comment