സുരേന്ദ്രൻ പക്ഷക്കാരെ തിരുകി കയറ്റാൻ ബിജെപി ; നിയോജക മണ്ഡലം കമ്മിറ്റികൾ വിഭജിക്കുന്നു

ഹരികുമാർ കുന്നത്തൂർ

ശാസ്താംകോട്ട (കൊല്ലം) :ബിജെപി സംസ്ഥാന കമ്മിറ്റിയിൽ സർവ്വാധിപത്യം സ്ഥാപിക്കുവാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കരുക്കൾ നീക്കുന്നു.മിക്ക ജില്ലാ കമ്മിറ്റികളിൽ നിന്നും കൃഷ്ണദാസ് പക്ഷം അടക്കമുള്ളവരെ പൂർണമായും വെട്ടിനിരത്തിയ ശേഷം താഴെതട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടന്നു വരുന്നത്.ഇതിന്റെ ആദ്യപടിയായി നിയോജക മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് മണ്ഡലം കമ്മിറ്റികളാക്കാനാണ് ശ്രമം.കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മാതൃകയിൽ താഴെതട്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുക എന്നതാണ് വിഭജനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വീശദീകരണം. ഇത്തരത്തിൽ ഒരു നിയോജക മണ്ഡലം കമ്മിറ്റിയിൽ രണ്ട് മണ്ഡലം കമ്മിറ്റികളാകും രൂപീകരിക്കുക.45 വയസ്സ് വരെ പ്രായമുള്ള യുവാക്കളാകും പ്രസിഡന്റ് പദവിയിലേക്കെത്തുക.ഓരോ മണ്ഡലം കമ്മിറ്റിയിലും രണ്ട് ജനറൽ സെക്രട്ടറിമാരും ഉണ്ടാകും.ഇവർക്ക് പ്രായപരിധിയില്ല.5 പഞ്ചായത്തുകളെങ്കിലും ചേർന്നതാകും ഓരോ മണ്ഡലം കമ്മിറ്റികളും.
ഇത്തരത്തിൽ സംസ്ഥാനത്താകമാനം 280 മണ്ഡലം കമ്മിറ്റികളാകും നിലവിൽ വരിക.280 മണ്ഡലം പ്രസിഡന്റുമാരും 560 ജനറൽ സെക്രട്ടറിമാരും താഴെ തട്ടിൽ ഭാരവാഹികളാകും.മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു പോകാതിരിക്കാനാണ് ജനറൽ സെക്രട്ടറിമാർക്ക് പ്രായപരിധിയിൽ ഇളവുള്ളത്.യുവ പ്രാതിനിധ്യം ഉയർത്തിക്കാട്ടി ബഹുഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളിലും തന്നോട് ആഭിമുഖ്യമുള്ളവരെ പ്രസിഡന്റ് പദവിയിലേക്ക് എത്തിക്കുകയെന്നതാണ് കെ.സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ കേന്ദ്ര നേതൃത്വത്തിന്റെ പ്രീതി സമ്പാദിച്ച് എതിർ സ്വരം ഉയർത്തുന്നവരുടെ വായടപ്പിക്കുകയെന്നത് മറ്റൊരു ലക്ഷ്യവും.പ്രസിഡന്റ് പദവിയിൽ നോമിനേറ്റ് ചെയ്യേണ്ടവരുടെ അന്തിമപട്ടികയും തയ്യാറായിട്ടുണ്ട്.അടുത്ത പാർലമെന്റ് ഇലക്ഷനിൽ കേരളത്തിൽ വൻ മുന്നേറ്റം സൃഷ്ടിക്കാൻ മണ്ഡലം കമ്മിറ്റികളുടെ രൂപീകരണത്തിലൂടെ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.എന്നാൽ സുരേന്ദ്രൻ പക്ഷക്കാരെ നേതൃസ്ഥാനങ്ങളിൽ എത്തിക്കാനുള്ള പ്രത്യേക അജണ്ടയുടെ ഭാഗമാണ് മണ്ഡലം കമ്മിറ്റികളുടെ രൂപീകരണമെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്.ബിജെപി കേരള ഘടകത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ശത്രുപക്ഷത്ത് നിൽക്കുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണം വൻ കലാപത്തിലേക്ക് എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related posts

Leave a Comment