കോടതിയുടെ ക്ഷമപരിശോധിക്കുന്നു; വിധികളെ ബഹുമാനിക്കുന്നില്ല- കേന്ദ്രത്തിനെതിരെ സുപ്രീംകോടതി


ന്യൂഡൽഹി:കേന്ദ്രസർക്കാർകോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ സർക്കാർ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി. രാജ്യത്തെ ട്രിബ്യുണലുകളെ ദുർബലപെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഒരാഴ്ച്ചയ്ക്കുള്ളിൽ നികത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

ട്രിബ്യൂണൽ പരിഷ്കരണ നിയമം ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ട്രിബ്യൂണലുകളിലെ ചെയർമാന്റെയും അംഗങ്ങളുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോൾ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചത്. ചെയർമാനും അംഗങ്ങളും ഇല്ലാത്തതിനാൽ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെപ്രധാനപ്പെട്ട എൻസിഎൽടി, എൻസിഎൽഎടിയിൽ പോലും പല ഒഴിവുകളുംനികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ജഡ്ജിമാർ നേതൃത്വംനൽകുന്ന സമിതികൾ നൽകുന്ന നിയമന ശുപാർശകളിൽ പോലും സർക്കാർ തീരുമാനം എടുക്കുന്നില്ല. ഐ ബി യുടെ ക്ളിയറൻസ് ലഭിച്ച വ്യക്തികളെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ സമിതികൾ ശുപാർശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സർക്കാർ വിശ്വസിക്കുന്നില്ലേ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആരാഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശയിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം എടുത്തിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മദ്രാസ് ബാർ അസോസിയേഷൻ കേസിൽ സുപ്രീംകോടതി റദ്ദാക്കിയ അതേവ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ട്രിബ്യൂണൽ പരിഷ്കരണ നിയമം തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസ്സാക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ 19 ട്രിബ്യൂണലുകളിൽ നിലവിൽ അധ്യക്ഷന്മാരില്ല. ജുഡീഷ്യൽ അംഗങ്ങളുടെ 110 ഒഴിവുകളും സാങ്കേതിക അംഗങ്ങളുടെ 111 ഒഴിവുകളുമാണ് ഉള്ളത്. ഇതിൽ പരമാവധി ഒഴിവുകൾ അടുത്ത തിങ്കളാഴ്ചയ്ക്കകം നികത്തണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Related posts

Leave a Comment