‘തണ്ണീർമത്തൻ’ ടീമിന്റെ ‘സൂപ്പർ ശരണ്യ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

‘തണ്ണീർ മത്തൻ ദിനങ്ങൾ’ക്ക് ശേഷം അനശ്വര രാജനുമൊത്ത് ഗിരീഷ് എ ഡി യുടെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂപ്പർ ശരണ്യ.’ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. അനശ്വര രാജൻ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി എന്നിവരുൾപ്പെട്ട പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. മമ്മൂട്ടി, ആസിഫ്‌ അലി, ചാക്കോച്ചൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജുകളിലൂടെയായിരുന്നു പോസ്റ്ററിൻ്റെ റിലീസിങ്ങ്.

പ്രണയവും കലഹവും സൗഹൃദവും ഒക്കെ ഒത്തുചേർത്ത് ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറഞ്ഞ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ ഒരുക്കുന്ന ‘സൂപ്പർ ശരണ്യ’ ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് നിർമ്മിക്കുന്നത്. രചനയും സംവിധാനവും ഗിരീഷ് എ.ഡി. തന്നെ നിർവഹിക്കുന്നു.

വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും അഭിനയിക്കുന്നു.

Related posts

Leave a Comment