സുനീഷയുടെ മരണംഃ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും പ്രതികള്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത നവവധു സുനീഷയുടെ മരണകാരണം സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണെന്നു പോലീസിനു വ്യക്തമായ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് വിജീഷ്, അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്ററ്‍ ചെയ്തു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന പൊന്നുവിന്‍റെയും ക്വാറന്‍റൈനില്‍ കഴിയുന്ന രവീന്ദ്രന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിജേഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സുനീഷയും വിജീഷും പ്രേമിച്ചു വിവാഹിതരായവരാണ്. ഇവരുടെ വിവാഹത്തെ വിജീഷിന്‍റെ മാതാപിതാക്കള്‍ അനുകൂലിച്ചിരുന്നില്ല. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ കലഹം തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വഴക്ക്. പല ദിവസങ്ങളിലും മര്‍ദനം രൂക്ഷമായപ്പോള്‍ സുനീഷ വീട്ടുകാരെ വിവരം അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദീവസം മുന്‍പ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു തന്നെ അതിക്രൂരമായി മര്‍ദിച്ചു എന്നു പറഞ്ഞ് സുനീഷ പയ്യന്നൂര്‍ പോലീസില്‍ പരാതിയും നല്‍കി.

എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. വിജീഷ്, പിതാവ് രവീന്ദ്രന്‍, സുനീഷയുടെ പിതാവ് സുകുമാരന്‍, സഹോദരന്‍ സുധീഷ് എന്നിവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മധ്യസ്ഥതയില്‍ വിട്ടയച്ചു. എന്നാല്‍ പിന്നീടും വിജീഷും കുടുംബവും ചേര്‍ന്നു സുനീഷയെ മര്‍ദിച്ചതിന്‍റെ ഓഡിയോ ക്ലിപ്പ് ഇന്നലെ പോലീസിനു ലഭിച്ചു. മരിക്കുന്നതിനു മുന്‍പ് സുനീഷ സഹാദരന്‍ സുധീഷിന് അയച്ചുകൊടുത്തതാണ് ഈ ശബ്ദ സന്ദേശം. വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് തന്നെ രക്ഷിക്കുന്നില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു ശബ്ദസന്ദേശം.

ഇതു ലഭിച്ച് തങ്ങള്‍ വിജീഷിന്‍റെ വീട്ടിലെത്തിയപ്പോഴേക്കും സുനീഷ വീടിന്‍റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകളുടെ മരണം സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലപാതകമെന്നു കാണിച്ച് സുകുമാരന്‍ നല്‍കിയ പരിതായുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment